പ്രേക്ഷകന് അഭിപ്രായം പറയാന്‍ സിനിമയുടെ ചരിത്രത്തില്‍ ഡോക്ടറേറ്റ് എടുക്കണോ?; അഞ്ജലി മേനോനെ വിമര്‍ശിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ

ഒരു സിനിമ കണ്ടാല്‍ നല്ല അഭിപ്രായവും വിമര്‍ശനവും പറയാന്‍ പ്രേക്ഷകര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കണ്‍വീനര്‍ സലിം പി ചാക്കോ പറഞ്ഞു

രേണുക വേണു| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (19:52 IST)

സിനിമയുടെ സാങ്കേതികതയെ കുറിച്ച് പഠിച്ച് വേണം സിനിമ വിമര്‍ശനം നടത്താനെന്ന സംവിധായിക അഞ്ജലി മേനോന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ. ഒരു സിനിമ കണ്ടാല്‍ നല്ല അഭിപ്രായവും വിമര്‍ശനവും പറയാന്‍ പ്രേക്ഷകര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കണ്‍വീനര്‍ സലിം പി ചാക്കോ പറഞ്ഞു. ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട്, ഭക്ഷണം കൊള്ളാം, കൊള്ളില്ല എന്ന് പറയാന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കണം എന്നുപറഞ്ഞാല്‍ എന്തു ചെയ്യുമെന്ന് സലിം പി. ചാക്കോ അഞ്ജലി മേനോനെ പരിഹസിച്ചു കൊണ്ട് ചോദിച്ചു.

'നിങ്ങള്‍
ഉണ്ടാക്കുന്ന ഉല്‍പ്പന്നം രൂപ കൊടുത്ത് വാങ്ങുന്ന
ഒരാള്‍ക്ക് അത് കൊള്ളാം, കൊള്ളില്ല എന്ന് പറയാന്‍ അതിന്റെ ടെക്‌നിക്കാലിറ്റി പഠിക്കേണ്ട ആവശ്യമില്ല. ഒരു ഉപഭോക്താവിന്റെ
അവകാശം ആണ് ഉല്‍പ്പന്നത്തെകുറിച്ചുള്ള ആസ്വാദന അഭിപ്രായം. ഒരു സിനിമ മേക്കറുടെ കഷ്ടപ്പാട് എന്തെന്ന് റിവ്യൂ ചെയ്യാന്‍ ആയിരിക്കില്ല ഒരു സാധാരണപ്രേക്ഷകന്‍ സിനിമ കാണുന്നത്. പ്രേക്ഷകന്
ഏതെങ്കിലും തരത്തില്‍ ആസ്വദിക്കാന്‍ ആണ് സിനിമയ്ക്ക് പോകുന്നത്. അത് പ്രേക്ഷകന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മാന്യമായി അഭിപ്രായം പറയും,'

'ഒരു സിനിമയെക്കുറിച്ച് പ്രേക്ഷകന് അഭിപ്രായം പറയാന്‍ സിനിമയുടെ ചരിത്രത്തില്‍ ഡോക്ടറേറ്റ് എടുക്കേണ്ട ആവശ്യമില്ല. ഒരോരുത്തരും അവരവരുടെ കാഴ്ചപ്പാടിലൂടെയാണ് സിനിമയെ കാണുന്നത്. പണി പൂര്‍ത്തിയായ ഒരു ഉള്‍പ്പന്നത്തെയാണ് വിലയിരുത്തുന്നത്. അതിന്റെ പൂര്‍ണ്ണതയക്ക് സൃഷ്ടാവ് നടത്തുന്ന കാര്യങ്ങള്‍ ഉപഭോക്താവിന്റെ പ്രശ്‌നമേയല്ല. അതിന് മാന്യമായ വില നല്‍കുന്നുണ്ട്.' സലിം പി.ചാക്കോ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :