രേണുക വേണു|
Last Modified ബുധന്‍, 14 ഫെബ്രുവരി 2024 (16:15 IST)
പല പ്രധാന കേന്ദ്രങ്ങളിലും ഭ്രമയുഗത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാത്തതിനെതിരെ തിയറ്റര്‍ ഉടമകളും. കണ്ണൂര്‍ ജില്ലയിലെ പ്രധാന തിയറ്ററുകളില്‍ ഇതുവരെ ബുക്കിങ് ആരംഭിച്ചിട്ടില്ലെന്ന് കണ്ണൂര്‍ തിയറ്റര്‍ അപ്‌ഡേറ്റ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂത്തുപറമ്പ് ബേബി സിനിമാസ്, ഉള്ളിക്കല്‍ ജി സിനിമാസ്, തലശ്ശേരി മാജിക്ക് ഫ്രെയിംസ് എന്നീ തിയറ്ററുകളിലാണ് ഇതുവരെ ബുക്കിങ് ആരംഭിക്കാത്തത്. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് വിതരണത്തിനെതിരെ മമ്മൂട്ടി ആരാധകര്‍ അടക്കം രംഗത്തെത്തിയിരിക്കുന്നത്.
ഭ്രമയുഗത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ആന്റോ ജോസഫിന്റെ കമ്പനിയായ ആന്‍ മെഗാ മീഡിയയാണ്. സിനിമ റിലീസ് ചെയ്യാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ കേരളത്തിലെ പല കേന്ദ്രങ്ങളിലും ബുക്കിങ് ആരംഭിച്ചിരുന്നില്ല. ഇക്കാരണത്താല്‍ മമ്മൂട്ടി ആരാധകര്‍ അടക്കം ആന്റോ ജോസഫിനെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു.
ഓവര്‍സീസിലും ഇന്ത്യക്ക് പുറത്തും മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ബുക്കിങ് ആരംഭിച്ചു. എന്നാല്‍ കേരളത്തില്‍ പലയിടത്തും ബുക്കിങ് ആരംഭിക്കാന്‍ വൈകി. മാത്രമല്ല കേരളത്തില്‍ ഭ്രമയുഗത്തിനു സ്‌ക്രീനുകള്‍ കുറവാണെന്നും ഇതിനു കാരണം ആന്റോ ജോസഫിന്റെ ശ്രദ്ധയില്ലായ്മ ആണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. ആന്റോ ജോസഫ് വിതരണവും നിര്‍മാണവും ചെയ്യുന്ന സിനിമകളുടെയെല്ലാം ഗതി ഇതു തന്നെയാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. സിനിമയ്ക്ക് കാര്യമായ പ്രൊമോഷന്‍ നല്‍കാത്തതിലും ആരാധകര്‍ ആന്റോയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു.
നിരവധി പേരാണ് ആന്റോ ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ചീത്ത വിളിയും അശ്ലീല പ്രയോഗങ്ങളും നടത്തുന്നത്. ഒടുവില്‍ ആന്റോ ജോസഫിന് ഫെയ്സ്ബുക്കിലെ കമന്റ് ബോക്സ് പൂട്ടേണ്ടി വന്നു. മാത്രമല്ല ഇന്നലെ ഭ്രമയുഗം പ്രൊമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റ് നടക്കുന്നതിനിടെ എല്ലാ വാര്‍ത്താ ചാനലുകളുടെയും ലൈവ് വീഡിയോയ്ക്ക് താഴെ മമ്മൂട്ടി ആരാധകര്‍ ആന്റോ ജോസഫിനെ ചീത്ത വിളിച്ചിരുന്നു.