ബിലാല്‍ നടക്കില്ലെന്ന് ഉറപ്പിച്ച് ആരാധകര്‍; അമല്‍ നീരദിന്റെ മനസില്‍ മറ്റൊരു മമ്മൂട്ടി ചിത്രം !

ഇത്തവണ മമ്മൂട്ടിയുടെ ജന്മദിനത്തിന് ബിലാല്‍ അപ്‌ഡേറ്റ് അമല്‍ നീരദ് നല്‍കുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്

രേണുക വേണു| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (08:32 IST)

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനമായിരുന്നു ഇന്നലെ. 1951 സെപ്റ്റംബര്‍ ഏഴിന് ജനിച്ച മമ്മൂട്ടി തന്റെ 72-ാം ജന്മദിനമാണ് ഇന്നലെ ആഘോഷിച്ചത്. താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ആരാധകര്‍ ഏറെ കാത്തിരുന്ന അപ്‌ഡേറ്റ് ആയിരുന്നു ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍. മമ്മൂട്ടിയുടെ എക്കാലത്തേയും സ്റ്റൈലിഷ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗം ചെയ്യുമെന്ന് സംവിധായകന്‍ അമല്‍ നീരദ് തന്നെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബിലാലിനെ കുറിച്ച് മറ്റ് അപ്‌ഡേറ്റുകളൊന്നും അണിയറ പ്രവര്‍ത്തകര്‍ തന്നില്ല.

ഇത്തവണ മമ്മൂട്ടിയുടെ ജന്മദിനത്തിന് ബിലാല്‍ അപ്‌ഡേറ്റ് അമല്‍ നീരദ് നല്‍കുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഇത്തവണയും ബിലാല്‍ അപ്‌ഡേറ്റില്ല. ബിലാല്‍ ഇനി നടക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അങ്ങനെയൊരു സിനിമ ഉണ്ടായിരുന്നെങ്കില്‍ ഇതിനോടകം എന്തെങ്കിലും അപ്‌ഡേറ്റ് അമല്‍ നീരദ് നല്‍കുമായിരുന്നെന്നും ചിത്രത്തിന് എന്തോ സാങ്കേതിക തടസമുണ്ടെന്നും ആരാധകര്‍ വിശ്വസിക്കുന്നു.

അതേസമയം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് മറ്റൊരു ചിത്രം ആലോചിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതിനുശേഷം മാത്രമായിരിക്കും ബിലാലിനെ കുറിച്ച് അമല്‍ നീരദ് ആലോചിക്കുക. മമ്മൂട്ടിയെ നായകനാക്കി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ശ്രദ്ധേയമായ വേഷം ചെയ്‌തേക്കുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :