നിഹാരിക കെ.എസ്|
Last Modified വ്യാഴം, 2 ജനുവരി 2025 (08:35 IST)
അഭിനയം തുടർന്നാലും ബേസിൽ ജോസഫ് സംവിധാനം നിർത്തരുതെന്ന് ടൊവിനോ തോമസ്. മൂന്ന് വർഷം കൂടുമ്പോഴെങ്കിലും ബേസിൽ ഒരു സിനിമ സംവിധാനം ചെയ്യണമെന്നും ടൊവിനോ പറഞ്ഞു. ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ ഐഡന്റിറ്റി'യുടെ പ്രമോഷൻ ഭാഗമായി നടന്ന ചടങ്ങിലാണ് നടന്റെ പ്രതികരണം.
'ഇപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ബേസിൽ ജോസഫ് എന്ന സംവിധായകനെയാണ്. കഴിഞ്ഞ ദിവസം കൂടെ ഞാൻ അവനോട് പറഞ്ഞു, അഭിനയം അടിപൊളിയാണ് നിന്റെ അഭിനയം ഗംഭീരമാണ് ഇനിയും അഭിനയിച്ചുക്കൊണ്ടിരിക്കണം പക്ഷെ മൂന്ന് വർഷം കൂടുമ്പോഴെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണം എന്ന്. ഞാൻ ആ ചിത്രത്തിൽ ഉണ്ടാവണം എന്നില്ല, ബേസിൽ ജോസഫ് എന്ന് സംവിധായകൻ സംവിധാനം ചെയ്‌താൽ മതി. ഞാൻ അതിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ,' ടൊവിനോ പറഞ്ഞു.
തിര എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച ബേസിലിന്റെ സ്വതന്ത്ര സംവിധാനമായിരുന്നു കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങൾ. മികച്ച പ്രതികരണമായിരുന്നു സിനിമകൾക്കെല്ലാം ലഭിച്ചരുന്നത്. ബേസിൽ അഭിനയിച്ച ചിത്രങ്ങളും പ്രേക്ഷക പ്രീതി നേടിയവയാണ്. ബേസിൽ നായകനായി അടുത്തിടെ തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു സൂക്ഷ്മദർശിനി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.