നിഹാരിക കെ എസ്|
Last Modified ശനി, 19 ഒക്‌ടോബര്‍ 2024 (08:59 IST)
സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് മുൻഭാര്യ അമൃത നടൻ ബാലയ്‌ക്കെതിരെ പരാതി നൽകുകയും നടനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ ബാല വീണ്ടും ആരോപണവുമായി രംഗത്ത്. തന്നർ കുടുക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ബാലയുടെ ആരോപണം. ഇതിന് തെളിവായി തന്റെ വീടിന് മുന്നിൽ വെളുപ്പിനെ നടന്ന ചില സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ബാല പുറത്തുവിട്ടിരിക്കുന്നത്.
ഇന്ന് വെളുപ്പിന് വീടിനു മുന്നിൽ നടന്ന സംഭവത്തിന്റെ CCTV ദൃശ്യങ്ങളുമായാണ് ബാല ഫേസ്ബുക്കിൽ ഇപ്പോൾ വന്നിരിക്കുന്നത്. വെളുപ്പിന് 4.10 ന് ഷൂട്ട് ചെയ്ത വീഡിയോയാണിത് എന്നാണ് ബാല പറയുന്നത്. ഇതേ ദിവസം രാവിലെ മൂന്നേമുക്കാലോടെ തന്റെ വീട്ടിൽ ചിലർ വന്നതിനെ കുറിച്ചാണ് ബാലയ്ക്ക് പറയാനുള്ളത്. ഇതൊരു കെണിയാണെന്നും, തന്നെ കുടുക്കാനുള്ള ശ്രമം ആണെന്നുമാണ് ബാലയുടെ ആരോപണം.
ജീവിതത്തിൽ ആദ്യമായാണ് ഇത്തരം കാര്യങ്ങൾ നേരിടുന്നത് എന്നും ബാല. എന്നാലും താൻ തന്റെ വാക്കിൽ ഉറച്ചു നിൽക്കുന്നു. വാക്ക് വാക്കാണ് എന്നും നടൻ ക്യാപ്‌ഷനിൽ പറയുന്നു. വീട്ടിൽ ആരെല്ലാമോ അതിക്രമിച്ചു കയറാൻ ശ്രമം നടത്തി എന്നാണ് നടന്റെ വാദം. വീടിനു പുറത്തു സ്ഥാപിച്ച CCTV ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്. ബാല പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു സ്ത്രീയും കുട്ടിയും അവർക്കൊപ്പം ഒരു യുവാവുമാണ് ഉള്ളത്. വീടിന്റെ പ്രവേശന കവാടത്തിൽ ഉറപ്പിച്ചിട്ടുള്ള നെറ്റ് ഡോർ തുറക്കുന്നതും കാണാം.
എന്നാൽ ഇവർ മാത്രമല്ല, വേറെയും ആൾക്കാർ വീടിനു പുറത്ത് ആ നേരത്ത് ഉണ്ടായിരുന്നു എന്നാണ് ബാലയുടെ വാദം. കോളിംഗ് ബെൽ അടിക്കുകയും, വാതിൽ തട്ടി തുറക്കാനും ശ്രമം നടന്നുവെന്നും ആരോപണം. ആരും ആരുടേയും വീട്ടിൽ ഈ നേരത്ത് വന്നു വാതിൽ തുറക്കാൻ ശ്രമിക്കാൻ സാധ്യതയില്ല എന്നുമാണ് ബാലയുടെ വിശദീരണം.