BIJU|
Last Modified വെള്ളി, 29 ജൂണ്‍ 2018 (22:31 IST)
മോഹന്‍ലാലിനെ അപേക്ഷിച്ച് കൂടുതല്‍ ചിത്രങ്ങള്‍ ഓരോ വര്‍ഷവും ചെയ്യുന്നത് മമ്മൂട്ടിയാണ്. ഈ വര്‍ഷത്തെ കണക്ക് തന്നെയെടുത്താല്‍ അത് മനസിലാകും. ആറുമാസത്തിനിടെ മമ്മൂട്ടിയുടേതായി എത്ര ചിത്രങ്ങളാണ് റിലീസ് ചെയ്തത്!
എന്നാല്‍ അടുത്ത ആറുമാസക്കാലം മോഹന്‍ലാലിന് തുടരന്‍ റിലീസുകളാണ് വരുന്നത്. അതും വമ്പന്‍ ചിത്രങ്ങള്‍. ഉടന്‍ റിലീസാകാന്‍ പോകുന്നത് 'നീരാളി’യാണ്. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സാജു തോമസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഈ സര്‍വൈവല്‍ ത്രില്ലറില്‍ നായിക നദിയ മൊയ്തുവാണ്. ജൂലൈ 12ന് നീരാളി പ്രദര്‍ശനത്തിനെത്തും.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’ എന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മോഹന്‍ലാലിന്‍റെ അടുത്ത റിലീസ്. ഇത്തിക്കര പക്കി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. നിവിന്‍ പോളിയാണ് നായകന്‍.
രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ഡ്രാമാ’ ആണ് അതിന് ശേഷമെത്തുന്ന മോഹന്‍ലാല്‍ ചിത്രം. അതൊരു ഫണ്‍ എന്‍റര്‍ടെയ്നറായിരിക്കും. സെപ്‌റ്റംബര്‍ ആദ്യം ചിത്രം റിലീസ് ചെയ്യും.
‘ഒടിയന്‍’ എന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് അതിന് ശേഷമെത്തുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് 50 കോടിയിലേറെയാണ് ചെലവ്. മഞ്ജു വാര്യര്‍ നായികയാകുന്ന സിനിമയില്‍ പ്രകാശ് രാജാണ് വില്ലന്‍. ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തുന്ന സിനിമ കേരളത്തില്‍ മാത്രം 400 സെന്‍ററുകളില്‍ റിലീസാകും.