തനിക്കൊപ്പം റൊമാന്റിക് സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് ജയറാം പറഞ്ഞു; വെളിപ്പെടുത്തി ഐശ്വര്യ ഭാസ്‌കര്‍

രേണുക വേണു| Last Updated: ശനി, 18 ജൂണ്‍ 2022 (11:35 IST)

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. ജയറാം നായകനായ ഷാര്‍ജ ടു ഷാര്‍ജ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചത് ഐശ്വര്യയാണ്. ഈ ചിത്രത്തില്‍ തനിക്കൊപ്പമുള്ള റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് ജയറാം നിലപാടെടുത്തതിനെ കുറിച്ച് തുറന്നുപറയുകയാണ് ഐശ്വര്യ ഇപ്പോള്‍. ജയറാമിന്റെ ആ തീരുമാനത്തിനു പിന്നില്‍ തക്കതായ ഒരു കാരണമുണ്ടെന്നും ഐശ്വര്യ പറയുന്നു.

ഷാര്‍ജ ടു ഷാര്‍ജയില്‍ 'പതിനാലാം രാവിന്റെ' എന്ന പാട്ടുണ്ട്. ഈ ഗാനരംഗത്ത് ജയറാമിനൊപ്പം റൊമാന്റിക് രംഗങ്ങളില്‍ ഐശ്വര്യയും ഡാന്‍സ് ചെയ്യണമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐശ്വര്യക്കൊപ്പം അത്തരം രംഗങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്ന് ജയറാം പറഞ്ഞു. എന്റെ സ്വന്തം അനിയത്തിയോട് ഞാന്‍ എങ്ങനെ റൊമാന്‍സ് ചെയ്യുമെന്നാണ് ജയറാം സംവിധായകനോട് ചോദിച്ചത്.

ജയറാം തന്റെ സ്വന്തം കസിന്‍ ബ്രദറാണെന്ന് ഐശ്വര്യ പറഞ്ഞു. അച്ഛന്റെ സൈഡിലുള്ള ബന്ധമാണ്. കുറച്ച് അകന്ന ബന്ധമാണെങ്കിലും ഞങ്ങള്‍ കസിന്‍സാണ്. അതുകൊണ്ടാണ് റൊമാന്‍സ് രംഗങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ജയറാം പറഞ്ഞതെന്നും ഐശ്വര്യ വ്യക്തമാക്കി.

ആ രംഗം കട്ട് ചെയ്ത് കളയൂ. ഞങ്ങളെ റൊമാന്റിക് ജോഡികളായി ഇട്ടത് തന്നെ ശരിയായില്ല. അതിനിടയിലാണ് ഈ ഡാന്‍സുമെന്ന് ജയറാം പറഞ്ഞു. താനും ജയറാമും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സെറ്റിലുള്ളവരെല്ലാം അപ്പോഴാണ് അറിഞ്ഞതെന്നും ഐശ്വര്യ ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :