അപർണ|
Last Modified വ്യാഴം, 19 ഏപ്രില്‍ 2018 (09:15 IST)
തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തി രംഗത്തെത്തിയ നടി ശ്രീ റെഡ്ഡിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇതിനെതിരെ നടുറോഡിൽ അര്‍ധനഗ്‌നയായിട്ടായിരുന്നു താരത്തിന്റെ പ്രതിഷേധം. ഇതോടെ താരത്തിനെതിരെ തെലുഗു സിനിമയിലെ താരസംഘടനയായ മാ (മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍) ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ തന്റെ പ്രതിഷേധത്തിൽ നിന്നും പിന്മാറാതെ ഇപ്പോഴും ആരോപണങ്ങൾ ഉന്നയിക്കുന്ന ശ്രീ റെഡ്ഡിക്ക് അനുകൂല നിലപാട് എടുക്കാമെന്നാണ് ഇപ്പോൾ മാ സംഘടനയുടെ തീരുമാനം. അതിനിടെ തെലുങ്ക് സൂപ്പര്‍ താരവും രാഷ്ട്രീയനേതാവുമായ പവന്‍ കല്യാണ്‍ ശ്രീ റെഡ്ഡിയെ വിമര്‍ശിച്ച് രംഗത്തെത്തി.
പവനെ സഹോദരൻ എന്ന് വിളിച്ചതിൽ ഇപ്പോൾ ലജ്ജിക്കുന്നുവെന്നായിരുന്നു നടിയുടെ പ്രതികരണം. മൂന്ന് വിവാഹങ്ങള്‍ കഴിച്ച പവന്‍ കല്യാണിന് സ്ത്രീകളോട് ബഹുമാനം ഇല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. വികാരാധീനയായ ശ്രീ ക്യാമറയ്ക്ക് മുന്‍പില്‍ ചെരുപ്പ് ഊരി സ്വയം മര്‍ദ്ദിച്ചു. പിന്നീട് പവന്‍ കല്യാണിനെതിരെ അസഭ്യവര്‍ഷം നടത്തി.
പോലീസില്‍ പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുന്ന നടി തെലുഗു സിനിമയെ മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു പവന്‍ കല്യാണിന്റെ അഭിപ്രായം. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ നടിക്ക് നേരെ പവന്‍ ആരാധകരുടെ ആക്രമണമായിരുന്നു.