ആ ഒരൊറ്റ ചോദ്യത്തിലുണ്ട് ദിലീപ് നിരപരാധിയാണെന്ന ഉത്തരം!

ഒരു നിരപരാധിയുടെ ആത്മബലവും ആർജ്ജവവും ദിലീപിൽ ഇപ്പോഴുമുണ്ട്!

അപർണ| Last Modified ബുധന്‍, 4 ജൂലൈ 2018 (18:08 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ സർക്കാർ ഇന്ന് രംഗത്ത് വന്നിരുന്നു. ദിലീപ് മനഃപൂർവ്വം വിചാരണ നീട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയാണെന്നും ആക്രമിക്കപ്പെട്ട നടിക്കും മഞ്ജു വാര്യർക്കുമെതിരെ ദോഷ പ്രചരണമാണ് നടത്തുന്നതെന്നും സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.

ഇപ്പോഴിതാ, വിഷയത്തിൽ ദിലീപിനെ പിന്തുണച്ച് എഴുത്തുകാരൻ കെ പി സുകുമാരൻ രംഗത്തെത്തിയിരിക്കുന്നു. നടി സംഭവത്തിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട അന്ന് തനിക്ക് ദിലീപിനോട് ഏറ്റവും വെറുപ്പും നടിയോട് വല്ലാത്ത സഹതാപവും തോന്നിയിരുന്നുവെന്നും എന്നാൽ തെളിവെടുപ്പിലെ ദിലീപിന്റെ നടത്തവും ‘എന്തിനാ ചേട്ടാ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത്‘ എന്ന ചാനലുകാരോടുള്ള ചോദ്യവും ദിലീപിലെ നിഷ്ക്കളങ്കനെ ത്നിക്ക് കാട്ടിത്തന്നുവെന്ന് അദ്ദേഹം പറയുന്നു.

കെ പി സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ചിലർ എന്നോട് ചോദിക്കുന്നു, നിങ്ങൾ എന്തിനാണ് ഒരു സിനിമാനടനു വേണ്ടി ഇങ്ങനെ അധ്വാനിച്ച് എഴുതുന്നത് എന്ന്. ഞാൻ ദിലീപിനെ ഒരു സിനിമാനടൻ ആയിട്ടല്ല കാണുന്നത് ആരുടെയൊക്കെയോ താല്പര്യങ്ങൾക്ക് വേണ്ടി ഒരു കേസിൽ പ്രതി ചേർക്കപ്പെട്ട് 85 ദിവസം ജയിലിൽ കിടത്തി പീഡിപ്പിക്കപ്പെട്ട ഒരു ഇര ആയാണ് കാണുന്നത്. ഞാൻ ആ ഇരയ്ക്ക് വേണ്ടിയാണ് എഴുതിയത്. അത് എന്റെ എത്രയോ വായനക്കാരെ ബോധ്യപ്പെടുത്താനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഒരു നടിക്ക് എന്തോ സംഭവിച്ചു എന്ന് പറയപ്പെടുന്നു. അപ്പോൾ തന്നെ പോലീസ് എല്ലാ പ്രതികളെയും പിടി കൂടി കേസും റജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രവും സമർപ്പിക്കുന്നു. അപ്പോഴാണു സംഭവത്തിൽ ഒരു ഗൂഢാലോചനാസിദ്ധാന്തം ആരോ അവതരിപ്പിക്കുന്നത്. അത് ബോധപൂർവ്വം ദിലീപിലേക്ക് തിരിച്ചു വിടുന്നു. നിരപരാധിയായത് കൊണ്ട് ദിലീപ് അത് കാര്യമായി എടുക്കുന്നില്ല. ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെടാം എന്ന നില വന്നപ്പോഴും ദിലീപ് ഏതെങ്കിലും വക്കീലിനെ കാണുകയോ മുൻ‌കൂർ ജാമ്യത്തിനു ശ്രമിക്കുകയോ ചെയ്തില്ല. കാരണം മനസ്സാ വാചാ ചിന്തിക്കാത്ത ഒരു കാര്യത്തിൽ താൻ അറസ്റ്റ് ചെയ്യപ്പെടും എന്ന് ദിലീപ് കരുതിയതേയില്ല.

എന്നാൽ അപ്പോഴേക്കും ദിലീപിനെ കുടുക്കാനുള്ള എല്ലാ തിരക്കഥയും ആസൂത്രണവും അണിയറയിൽ തയ്യാറായിരുന്നു. അതിൽ പ്രധാനം പൾസർ സുനി എന്ന നടൻ ജയിലിൽ വെച്ച് എഴുതി എന്ന് പറയപ്പെടുന്ന കത്താണു. പൾസറിന്റെ പേരിൽ ആരോ തയ്യാറാക്കിയ കത്തും പിന്നെ ജയിലിൽ നിന്ന് ഒരു പോലീസുകാരൻ കൊടുത്ത ഫോണിൽ നിന്ന് പൾസറിന്റെ വിളിയും ആയിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്യാൻ ആയുധമാക്കിയത്. പൾസർ സുനിക്ക് ഫോൺ കൊടുത്ത് നാദിർഷായെ വിളിപ്പിക്കാൻ ആ പോലീസുകാരനു എന്ത് കാര്യം? എന്നാൽ ആ ഫോൺ വിളിയാണു തിരക്കഥയിലെ ഏറ്റവും നിർണ്ണാ‍യകമായ സീൻ. ആരൊക്കെയോ എഴുതിയ തിരക്കഥയിലെ കഥാപാത്രം ആയിരുന്നു ആ പോലീസുകാരൻ. കിട്ടിയ വേഷം അഭിനയിക്കാൻ ആ പോലീസുകാരനു ഫോൺ പൾസറിനു കൊടുക്കണമായിരുന്നു. ഫോൺ വിളി കിട്ടിയപ്പോൾ അപ്പോൾ തന്നെ ആ സംഭാഷണം റെക്കോർഡ് ചെയ്ത് ഒരു പരാതി തയ്യാറാക്കി നാദിർഷയും ദിലീപും പോലീസ് മേധാവിക്ക് നൽകിയിരുന്നു. ആ പരാതിയെ പറ്റി പോലീസ് ഒരു അന്വേഷണവും നടത്തിയില്ല. കാരണം അന്വേഷണം നടത്തിയാൽ തിരക്കഥ പൊളിഞ്ഞു പോകും.

ദിലീപ് കൊടുത്ത പരാതിയെ പറ്റി അന്വേഷിക്കാൻ എന്ന വ്യാജേനയാണു ദിലീപിനെ പോലീസ് വിളിച്ചു വരുത്തിയത്. എന്നാൽ ആ വിളിച്ചു വരുത്തലും തിരക്കഥയിലെ മറ്റൊരു സീൻ ആണെന്ന് ദിലീപ് അറിഞ്ഞിരുന്നില്ല. ശരിക്കും അതൊരു ചതിയായിരുന്നു. ആലുവ പോലീസ് ക്ലബ്ബിൽ പോകുമ്പോൾ താൻ അറസ്റ്റ് ചെയ്യപ്പെടും എന്ന് ദിലീപിനു ഒരു സംശയവുമില്ലായിരുന്നു. താൻ കൊടുത്ത പരാതിയെ പറ്റി മൊഴിയെടുക്കാൻ എന്നേ കരുതിയുള്ളൂ. കാരണം ദിലീപിന്റെ മനസ്സ് യാതൊരു കുറ്റബോധവും ഇല്ലാതെ ക്ലിയർ ആയിരുന്നുവല്ലൊ. അവിടെ എത്തിയ ദിലീപ് ബലാത്സംഗ ക്വട്ടേഷനിൽ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ദിലീപിന്റെ പരാതി പോലീസിനു ഒരു വിഷയം ആയിരുന്നില്ല. കാരണം ദിലീപിന്റെ പരാതിക്കടിസ്ഥാനമായ ഫോൺ വിളി ദിലീപിനെ കുടുക്കാനുള്ള തിരക്കഥയുടെ നിർണ്ണായകമായ ഭാഗം ആയിരുന്നുവല്ലൊ.

തെളിവെടുപ്പിനു പോലീസ് ദിലീപിനെ കൂക്കിവിളിക്കുന്ന ആൾക്കൂട്ടത്തിനിടയെ ആനയിച്ചു കൊണ്ടുപോകുമ്പോൾ ദിലീപ് തലയുയർത്തി ആത്മവിശ്വാസത്തോടെ നടന്നു. ആ നടത്തം ആണു ദിലീപ് നിരപരാധിയാ‍ണെന്ന് എന്നെ ബോധ്യപ്പെടുത്തിയത്. അത് പറയുമ്പോൾ ചിലർ പറഞ്ഞു, അത് അഭിനയം ആയിരുന്നു എന്ന്. ജീവിതത്തിൽ അഭിനയിക്കാൻ ഏത് മഹാനടനും കഴിയാത്ത ചില സന്ദർഭങ്ങളുണ്ട്. അത്തരത്തിൽ ഒരു സന്ദർഭം ആയിരുന്നു ആൾക്കൂട്ടത്തിൽ പ്രദർശിപ്പിച്ചുകൊണ്ട് പോലീസിന്റെ ആ എഴുന്നള്ളിക്കൽ. നടിസംഭവത്തിന്റെ ഒരു സൂചന ദിലീപിനു മുൻ‌കൂട്ടി അറിയാമായിരുന്നെങ്കിൽ പോലും ദിലീപ് എന്ന നടനിലെ മനുഷ്യൻ ആ നടത്തത്തിൽ ഒന്ന് പതറിപ്പോകുമായിരുന്നു. ഒരു നിരപരാധിയുടെ ആത്മബലവും ആ‍ർജ്ജവവും ആണു ദിലീപിന്റെ ആ നടത്തത്തിൽ അങ്ങോളമിങ്ങോളം കാണാൻ കഴിഞ്ഞത്. അത് ദിലീപ് എന്ന മനുഷ്യന്റെ യഥാർഥ ജീവിതത്തിലെ അവിസ്മരണീയമായ ദുരന്തരംഗവും , ദിലീപിനെ തകർക്കാൻ എഴുതപ്പെട്ട തിരക്കഥയിലെ വർണ്ണാഭമായ സീനുകളും ആയിരുന്നു.

പിന്നെ തെളിവെടുപ്പ് എന്ന പോലീസ് ഗ്രാഫിക്സുകൾ നമ്മൾ കണ്ടതാണു. ടവർ ലൊക്കേഷൻ എന്നു വേണ്ട, പോലീസും മാധ്യമങ്ങളും ചേർന്ന് തിരക്കഥ പൊലിപ്പിക്കുകയായിരുന്നു. നഗ്നദൃശ്യങ്ങൾ പകർത്തി എന്ന് പറയപ്പെടുന്ന മൊബൈൽ ഫോണും അതിലെ സിം കാർഡും ഈ തിരക്കഥയിൽ തൊണ്ടിമുതൽ ആയതേയില്ല. അത് പൾസർ സുനി വക്കീലിനു കൊടുത്ത് വക്കീൽ അത് നശിപ്പിച്ചു എന്നൊരു വോയ്‌സ് ഓവർ മാത്രമേ തിരക്കഥയിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ തിരക്കഥ എഴുതുമ്പോൾ ഇത്രയും പ്രമാദമായ ഒരു കേസിൽ പ്രധാന തെളിവായ തൊണ്ടിമുതൽ നശിപ്പിച്ചതിന്റെ പേരിൽ തെളിവ് നശിപ്പിക്കൽ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തില്ലെങ്കിൽ അത് കഥയിലെ കണ്ണികൾ ഇണങ്ങാതെ പോകും എന്ന് തിരക്കഥാരചയിതാക്കൾ ആലോചിച്ചതേയില്ല. തിരക്കഥ ഇത്രയെങ്കിലും എഴുതി വിജയിപ്പിച്ചതിന്റെ പാട് അതിന്റെ രചയിതാക്കൾക്കല്ലേ അറിയൂ.

എന്തായാലും അമ്മയിലെ രാജിയും പൊട്ടിത്തെറിയും വിവാദവും ബഹളവും ഒക്കെ വെളിപ്പെടുത്തുന്ന കാര്യം എന്തെന്നാൽ ദിലീപ് ജയിലിൽ നിന്ന് ഇറങ്ങുമെന്നോ വിചാരണ തുടങ്ങി കേസ് അതിന്റെ അന്ത്യത്തിലേക്ക് അടുക്കുമെന്നോ ദിലീപിനെ കുടുക്കാൻ ഗൂഢാലോചന നടത്തിയവരും കൂട്ടുനിന്നവരും പ്രതീക്ഷിച്ചതല്ല. സത്യങ്ങൾ മുഴുവനും വൈകാതെ പുറത്ത് വരും. അതിലുള്ള വെപ്രാളമാണു രാജിയും ബഹളവും എല്ലാം. ഇതിനിടയിൽ കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനും ശ്രമിക്കുന്നുണ്ട്. അസത്യങ്ങൾക്ക് താൽക്കാലിക വിജയങ്ങൾ മാത്രമേയുണ്ടാകൂ. അന്തിമമായി സത്യങ്ങൾ വിജയിക്കുന്നത് കൊണ്ടാണു മാനവരാശി ഭൂമുഖത്ത് നിലനിൽക്കുന്നത്.

ഞാനൊരു സിനിമാരാധകൻ അല്ല. യൌവ്വനത്തിൽ സിനിമ ഒരു ഭ്രാന്തായിരുന്നു. ശിവാജി ഗണേശനെയും സത്യനെയും മാത്രമേ നടന്മാർ എന്ന നിലയിൽ ആരാധിച്ചിട്ടുള്ളൂ. പിന്നെ അക്കാ‍ലത്തെ നടികളോട് യൌവ്വനസഹജമായ കൌതുകവും തോന്നിയിട്ടുണ്ട്. പിന്നെ ഇഷ്ടം തോന്നിയ നടൻ മോഹൻലാൽ മാത്രവും. ദിലീപിന്റെ സിനിമകൾ കാണണം എന്ന് തോന്നിയിട്ടില്ല.

ഒരിക്കൽ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് ബസ്സിൽ പോകുമ്പോൾ ബസ്സിലെ ടിവിയിൽ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന എന്ന സിനിമ കണ്ടപ്പോൾ അതെനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു എന്ന് മാത്രം. നടി സംഭവത്തിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട അന്ന് എനിക്ക് ദിലീപിനോട് ഏറ്റവും വെറുപ്പും നടിയോട് വല്ലാത്ത സഹതാപവും തോന്നിയിരുന്നു. എന്നാൽ തെളിവെടുപ്പിലെ ദിലീപിന്റെ നടത്തവും എന്തിനാ ചേട്ടാ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത് എന്ന ചാനലുകാരോടുള്ള ചോദ്യവും ദിലീപിലെ നിഷ്ക്കളങ്കനെ എനിക്ക് കാട്ടിത്തന്നു. അന്ന് മുതൽ എന്റെ സ്വന്തം കുടുംബത്തിലെ ഒരാളെ പോലെ ദിലീപിനെ ഞാൻ സ്നേഹിച്ചു തുടങ്ങി. അതുകൊണ്ടാ‍ണു എനിക്ക് ദിലീപിനു വേണ്ടി എഴുതാൻ കഴിയാതിരിക്കുന്നത്.

സുഹൃത്ത് PO Mohan എന്നെ ദിലീപിന് പരിചയപ്പെടുത്തുകയും ദിലീപ് എന്നോട് ഫോണിൽ സംസാരിക്കുകയും ഒരിക്കൽ കാണാം എന്ന് പറയുകയും ചെയ്തിട്ടുണ്ട്. ദിലീപിനെയും മീനാക്ഷിമോളെയും ഒരിക്കൽ എന്തായാലും കാണണം എന്നതാണു ജീവിതത്തിൽ എനിക്ക് ബാക്കിയുള്ള ഒരേയൊരു ആഗ്രഹം. അത്രയല്ലേ നമുക്ക് ആയുസ്സുള്ളൂ. ബാക്കി ആഗ്രഹങ്ങളെല്ലാം നിറവേറ്റി കാലം അനുവദിച്ച് തന്ന ബോണസ്സാണു ഇപ്പോൾ എന്റെ ജീവിതം.

എത്രയോ പേരോടൊപ്പം ഞാനും #ദിലീപിനൊപ്പം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :