ഞാൻ ചെയ്യേണ്ട സിനിമയായിരുന്നു കങ്കുവ: നടൻ ബാല

നിഹാരിക കെ എസ്| Last Modified വെള്ളി, 15 നവം‌ബര്‍ 2024 (08:37 IST)
നടൻ ബാലയുടെ സഹോദരൻ ശിവയാണ് ബ്രഹ്‌മാണ്ഡ ചിത്രം ‘കങ്കുവ’ സംവിധാനം ചെയ്തത്. താൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് നടൻ ബാല ഇപ്പോൾ. തന്റെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് താൻ ആ സിനിമ ചെയ്യാതെ ഇരുന്നതെന്നും താരം പറഞ്ഞു. സിനിമ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ പതിനഞ്ച് മിനുറ്റ് തനിക്കിഷ്ടമായില്ലെന്നും എന്നാല്‍ പിന്നീട് അങ്ങോട്ട് രോമാഞ്ചം ഉണ്ടായെന്നുമാണ് ബാല പറയുന്നത്. കങ്കുവ ചെയ്യാന്‍ ജ്ഞാനവേല്‍ സാര്‍ ആദ്യം തനിക്കാണ് അഡ്വാന്‍സ് തന്നതെന്നാണ് ബാലയുടെ തുറന്നു പറച്ചിൽ. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചേട്ടന്‍ കങ്കുവ ചെയ്യട്ടെ എന്ന് താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ബാല പറയുന്നത്.

'ആദ്യ പതിനഞ്ച് മിനിറ്റ് ഞാന്‍ ടെന്‍ഷന്‍ അടിച്ചു. എനിക്ക് ഇഷ്ടപ്പെട്ടില്ല. പിന്നെ ഇന്റര്‍വെല്‍ ബ്ലോക്കായപ്പോള്‍ ഭയങ്കര കോണ്‍ഫിഡന്‍സ് വന്നു. അതുപോലെ 2024 സ്റ്റാര്‍ട്ടിങ് പോഷന്‍ കണ്ടപ്പോള്‍ എന്താണ് എന്നൊന്നും മനസിലായില്ല. പിന്നീട് ഫ്ലാഷ് ബാക്ക് വന്നപ്പോള്‍ വലിയ സംഭവങ്ങളുണ്ടെന്ന് മനസിലായി. സെക്കന്റ് ഹാഫിലെ ചില സീനുകള്‍ കാണുമ്പോള്‍ എക്‌സ്ട്രാ ഓഡിനറിയായി തോന്നി. രോമാഞ്ചം ഉണ്ടായി. അതിലൊരു സീന്‍ കണ്ടപ്പോള്‍ അറിയാതെ കയ്യടിച്ചു പോയി.

25 പെണ്ണുങ്ങള്‍ അറ്റാക്ക് ചെയ്യുന്ന സീനില്‍ സൂര്യ പറയുന്ന ഡയലോഗൊക്കെ ഇഷ്ടപ്പെട്ടു. ആ കാലഘട്ടത്തില്‍ ആണും പെണ്ണും ചേര്‍ന്നാണ് യുദ്ധം നടത്തിയത്. പിന്നെ ക്ലൈമാക്‌സില്‍ കാര്‍ത്തിയെ കൊണ്ടുവന്നിട്ടുണ്ട്. സൂര്യയ്ക്ക് രണ്ട് വേരിയേഷനുള്ള കഥാപാത്രമാണ്. ബോബി ഡിയോളും നന്നായിട്ടുണ്ട്.

മുപ്പത് വര്‍ഷം മുമ്പുള്ള ഒരു ഫോട്ടോ എന്റെ കയ്യിലുണ്ട്. അതില്‍ ഞാനും കാര്‍ത്തിയും സൂര്യയും എന്റെ ചേട്ടനുമാണുള്ളത്. ഞങ്ങളുടെ സ്റ്റുഡിയോയില്‍ വച്ച് എടുത്ത ഫോട്ടോയാണ്. എനിക്ക് ഇഷ്ടപ്പെട്ടു. തമിഴ്‌നാട്ടില്‍ ഹിറ്റായി എന്നാണ് റിപ്പോര്‍ട്ട്. എനിക്ക് പടം ഇഷ്ടപ്പെട്ടു. പിന്നെ ഇന്ന് രാവിലെ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു അവന് ഇഷ്ടപ്പെട്ടില്ലെന്ന്. ആദ്യത്തെ പതിനഞ്ച് മിനിറ്റ് ഇഷ്ടപ്പെട്ടില്ലെന്ന് ഞാന്‍ തന്നെ പറഞ്ഞില്ലേ എന്നാണ് ബാല പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :