2 കണ്‍‌ട്രീസ് മെഗാഹിറ്റ്, ചാര്‍ലിയും തകര്‍ക്കുന്നു!

2 Countries, Charlie, Jo And The Boy, Manju, Dulquer, Dileep
Last Modified ശനി, 26 ഡിസം‌ബര്‍ 2015 (16:06 IST)
ദിലീപ് പഴയ ഫോമിലേക്ക് തിരിച്ചുവന്നിരിക്കുന്നു. ക്രിസ്മസ് റിലീസായ 2 കണ്‍‌ട്രീസ് മെഗാഹിറ്റായി മാറിയിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം ഷാഫിയും ദിലീപും ഒന്നിച്ച സിനിമ കേരള ബോക്സോഫീസില്‍ നിന്ന് കോടികള്‍ വാരുകയാണ്. ദിലീപിന്‍റെ തകര്‍പ്പന്‍ ഹ്യൂമര്‍ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

കല്യാണരാമന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ സൂപ്പര്‍ഹിറ്റുകളുടെ വിജയം ആവര്‍ത്തിക്കുന്നതിലൂടെ ഇത് ഷാഫിയുടെയും കൂടി തിരിച്ചുവരവായിരിക്കുകയാണ്. റിംഗ് മാസ്റ്റര്‍ക്ക് ശേഷം റാഫിയുടെ തിരക്കഥയില്‍ ദിലീപിന് ഒരു വമ്പന്‍ വിജയം കൂടി ലഭിച്ചിരിക്കുന്നു.

അതേസമയം, ദുല്‍ക്കര്‍ സല്‍മാന്‍റെ ചാര്‍ലിയും വിജയക്കൊയ്ത്ത് നടത്തുകയാണ്. ആദ്യ ദിനത്തില്‍ 2.20 കോടി രൂപ കളക്ഷന്‍ നേടി മലയാളത്തിലെ സൂപ്പര്‍താര ചിത്രങ്ങളുടെ ആദ്യദിന കളക്ഷനെ കടത്തിവെട്ടുന്ന വിജയമാണ് ചാര്‍ലി നേടുന്നത്. ആദ്യദിനത്തില്‍ ഇത്രയും വലിയ കളക്ഷന്‍ ഇതിനുമുമ്പുണ്ടായത് മോഹന്‍ലാല്‍ ചിത്രമായ ലോഹത്തിനാണ്. ചാര്‍ലി ഈ കുതിപ്പ് തുടര്‍ന്നാല്‍ പ്രേമത്തെയും ബാംഗ്ലൂര്‍ ഡെയ്സിനെയും മറികടക്കുന്ന ഹിറ്റായി അതുമാറുമെന്നുറപ്പ്.

ദിലീപ് ചിത്രം വന്‍ ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ജോ ആന്‍റ് ദി ബോയ്’ ശരാശരി വിജയം നേടുകയാണ്. 2 കണ്‍‌ട്രീസ്, ചാര്‍ലി എന്നീ വമ്പന്‍ ചിത്രങ്ങള്‍ തിയേറ്ററുകള്‍ നിറയ്ക്കുമ്പോള്‍ മഞ്ജു വാര്യര്‍ സിനിമയ്ക്കും തരക്കേടില്ലാതെ ആളുകയറുന്നു.

താരതമ്യേന ചെറിയ ചിത്രമായ ‘അടി കപ്യാരേ കൂട്ടമണി’യും വിജയത്തിലേക്കുതന്നെയാണ് നീങ്ങുന്നത്. യുവ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമ കുഞ്ഞിരാമായണം പോലെ ഹിറ്റാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :