മോഹന്‍ലാലിന് മാത്രമല്ല, മമ്മൂട്ടിക്കും പണികൊടുത്തു!

Mohanlal, Kamalhasan, Mammootty, Maheshinte Prathikaram, Aashiq Abu, മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍, മഹേഷിന്‍റെ പ്രതികാരം, ആഷിക് അബു
Last Updated: തിങ്കള്‍, 8 ഫെബ്രുവരി 2016 (15:17 IST)
ആഷിക് അബു നിര്‍മ്മിച്ച ‘മഹേഷിന്‍റെ പ്രതികാരം’ എന്ന സിനിമ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ ചിത്രം വിജയിച്ചതിനൊപ്പം ഒരു വിവാദവും വളര്‍ന്നു. മോഹന്‍ലാല്‍ ആരാധകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഒരു ഡയലോഗാണ് ചിത്രത്തെ വിവാദത്തിന്‍റെ നടുക്കടലില്‍ എറിഞ്ഞിരിക്കുന്നത്.
 
ചിത്രത്തില്‍ സൌബിന്‍ ഷാഹിര്‍ പറയുന്ന ഒരു ഡയലോഗാണ് വിവാദമായിരിക്കുന്നത്. “ഞാന്‍ ലാലേട്ടന്‍റെ ഫാനാ. കാരണം മമ്മുക്ക എല്ലാ ടൈപ്പ് വേഷവും ചെയ്യും. പൊലീസ്, രാജാവ്, പൊട്ടന്‍ എല്ലാം... പക്ഷേ ലാലേട്ടന്‍ നായര്‍, മേനോന്‍, പ്രമാണി ഇതുവിട്ടൊരു കളിയില്ല”  - എന്ന ഡയലോഗാണ് മോഹന്‍ലാല്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ആഷിക് അബുവിന്‍റേ സോഷ്യല്‍ മീഡിയ പേജില്‍ മോഹന്‍ലാല്‍ ആരാധകര്‍ പൊങ്കാലയിടുകയാണ്.
 
ആഷിക് അബുവിനെയും പ്രതികരിക്കുന്ന മോഹന്‍ലാല്‍ ഫാന്‍സിനെയും കളിയാക്കിക്കൊണ്ടുള്ള ട്രോളുകളും ഇഷ്ടം പോലെ വരുന്നുണ്ട്. മോഹന്‍ലാലിനും കമല്‍ഹാസനുമൊക്കെ സോഷ്യല്‍ മീഡിയ വഴിയും സിനിമ വഴിയുമൊക്കെ ഇതുപോലെ കളിയാക്കുന്ന ആഷിക് അബു മമ്മൂട്ടിക്കിട്ടും പണികൊടുത്തു എന്നാണ് ഒരു ട്രോളില്‍ പറയുന്നത്. ഡാഡി കൂള്‍, ഗാംഗ്സ്റ്റര്‍ എന്നീ സിനിമകള്‍ ചെയ്താണ് ആഷിക് അബു മമ്മൂട്ടിക്ക് പണി കൊടുത്തതത്രേ!
 
എല്ലാത്തരം വേഷങ്ങളും ചെയ്യുന്ന അതുല്യപ്രതിഭയാണ് മോഹന്‍ലാലെന്ന് ഉദാഹരണ സഹിതം മോഹന്‍ലാല്‍ ആരാധകര്‍ വ്യക്തമാക്കുന്നു. ദേവാസുരവും നരസിംഹവും ചെയ്യുന്ന മോഹന്‍ലാല്‍ തന്നെയാണ് പരദേശിയും മുളമൂട്ടില്‍ അടിമയും പാദമുദ്രയും ഉയരും ഞാന്‍ നാടാകെയും നിന്നിഷ്ടം എന്നിഷ്ടവുമെല്ലാം ചെയ്തതെന്ന് അവര്‍ പറയുന്നു.
 
ഇനി ഇത്തരം അവഹേളനങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പലരും കമന്‍റുകളിലൂടെ അണിയറ പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കുന്നു. മഹേഷിന്‍റെ പ്രതികാരം ഒരു നല്ല സിനിമയാണെന്ന കാര്യത്തില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കും തര്‍ക്കമൊന്നുമില്ല. എന്നാല്‍ അവരുടെ താരദൈവത്തിനെതിരായ പരാമര്‍ശത്തില്‍ മാത്രമാണ് പ്രതിഷേധം.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :