Last Modified വ്യാഴം, 9 ജൂണ്‍ 2016 (15:22 IST)
മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം ‘ജനതാ ഗാരേജ്’ പ്രദര്ശനത്തിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 12നാണ് റിലീസ് ഡേറ്റ്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും അഭിനയിക്കുന്നുണ്ട്.
വലിയ വിജയപ്രതീക്ഷ ഉണര്ത്തിയിരിക്കുന്ന ഈ സിനിമയ്ക്ക് പക്ഷേ ഒരു വെല്ലുവിളി അതിജീവിക്കേണ്ടതായുണ്ട്. അത് ‘പ്രേമം’ എന്ന സിനിമയില്‍ നിന്നാണ്. അതേ, മലയാളത്തില്‍ അസാധാരണ വിജയം നേടിയ പ്രേമത്തിന്റെ തെലുങ്ക് പതിപ്പുതന്നെ.
‘പ്രേമം’ തെലുങ്ക് പതിപ്പും ഓഗസ്റ്റ് 12ന് റിലീസാകും. നാഗചൈതന്യ നായകനാകുന്ന സിനിമയില്‍ ശ്രുതി ഹാസനാണ് ‘മലര്’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മലയാളത്തിലെ സൂപ്പര്‍താര സിനിമകള്‍ക്ക് വെല്ലുവിളിയുയര്‍ത്തിയ പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് മോഹന്‍ലാലിന് തലവേദനയാകുമോ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.