‘പ്രേമം’ തമിഴില്‍ ധനുഷല്ല, അത് സാക്ഷാല്‍ സൂര്യ!

പ്രേമം, ധനുഷ്, സൂര്യ, അല്‍ഫോണ്‍സ് പുത്രന്‍, അന്‍‌വര്‍ റഷീദ്
Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (17:00 IST)
‘പ്രേമം’ മലയാള സിനിമയില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട പേരാണ്. കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കി പടക്കുതിരയെപ്പോലെ കുതിച്ചുപാഞ്ഞ അത്ഭുതചിത്രം. സെന്‍സര്‍ കോപ്പിയില്‍ വ്യാജപതിപ്പ് സൃഷ്ടിക്കപ്പെടുകയും മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും കോളിളക്കം സൃഷ്ടിക്കപ്പെട്ട വ്യാജപതിപ്പ് വിവാദമായി മാറുകയും ചെയ്ത സിനിമ. നിവിന്‍ പോളിയെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയ സിനിമ.

പ്രേമം തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെന്ന വാര്‍ത്ത മലയാളം വെബ്‌ദുനിയ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണല്ലോ. ധനുഷിനെ നായകനാക്കിയാണ് ഈ പ്രൊജക്ട് ആലോചിക്കപ്പെടുന്നത് എന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തമിഴില്‍ ഒരു വമ്പന്‍ പ്രൊജക്ടായി പ്രേമം മാറാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്.

പ്രേമത്തിന്‍റെ തമിഴ് പതിപ്പില്‍ നായകനായേക്കുമെന്നാണ് പുതിയ വിവരം. സ്റ്റുഡിയോ ഗ്രീന്‍ ആണ് ഈ സിനിമ തമിഴില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. സൂര്യയെ നായകനാക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സ്കൂള്‍ വിദ്യാര്‍ത്ഥി കാലം മുതല്‍ ഒരു യുവാവിന്‍റെ ജീവിതത്തിലെ മൂന്നുഘട്ടങ്ങള്‍ അവതരിപ്പിക്കേണ്ടിവരുന്നു എന്നതാണ് ഈ സിനിമയിലെ നായകനടന്‍ നേരിടുന്ന വെല്ലുവിളി. നിവിന്‍ പോളി അത് മലയാളത്തില്‍ വളരെ ഭംഗിയായി ചെയ്തു. സൂര്യ മുമ്പ് ‘വാരണം ആയിരം’ എന്ന ചിത്രത്തില്‍ വ്യത്യസ്ത ജീവിത കാലഘട്ടങ്ങളിലുള്ള കഥാപാത്ര പരിണാമങ്ങള്‍ മനോഹരമായി അവതരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രേമത്തിലെ നായകനാകാന്‍ സൂര്യ എന്തുകൊണ്ടും അനുയോജ്യനാണെന്നാണ് നിര്‍മ്മാതാക്കളുടെ അഭിപ്രായം.

അല്‍‌ഫോണ്‍സ് പുത്രന്‍ തന്നെ ഈ സിനിമ തമിഴിലും ചെയ്യണമെന്നാണ് സ്റ്റുഡിയോ ഗ്രീനിന്‍റെ താല്‍‌പ്പര്യമെന്നാണ് സൂചന. നേരത്തേ ‘നേരം’ എന്ന ചിത്രം തമിഴില്‍ ഹിറ്റാക്കിയിട്ടുണ്ട് അല്‍ഫോണ്‍സ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :