Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2015 (18:46 IST)
സിനിമയുടെ പോസ്റ്റര്‍ ഡിസൈനും ട്രെയിലറുമൊക്കെ കോപ്പിയടിക്കുന്നത് ഇപ്പോള്‍ ഒരു പുതിയ സംഭവമല്ല. സിനിമ തന്നെ അപ്പാടെ കോപ്പിയടിച്ച് ഇറക്കുന്ന വിരുതന്‍മാര്‍ ഉള്ളപ്പോള്‍ പിന്നെ ഇതൊക്കെ നിസാര സംഭവങ്ങള്‍ അല്ലേ? തമിഴകത്തുനിന്നാണ് പോസ്റ്റര്‍ മോഷണത്തേക്കുറിച്ച് മിക്കപ്പോഴും വിവാദങ്ങള്‍ ഉയരാറുള്ളത്. തുപ്പാക്കി, കത്തി, ഉത്തമവില്ലന്‍ തുടങ്ങി സമീപകാലത്തെ വമ്പന്‍ തമിഴ് ചിത്രങ്ങളെല്ലാം പോസ്റ്റര്‍ ഡിസൈന്‍റെ പേരില്‍ വിവാദത്തില്‍ പെട്ടവയാണ്.
അക്കൂട്ടത്തിലേക്ക് വരികയാണ് രജനികാന്തിന്‍റെ ‘കബാലി’. ഈ സിനിമയുടെ പോസ്റ്റര്‍ അടിച്ചുമാറ്റിയതാണെന്നാണ് പുതിയ ആരോപണം. ടിക് ടിക് എന്ന ഫിലിപ്പീന്‍സ് ചിത്രത്തിന്‍റെ പോസ്റ്റര്‍ അതേപടി അടിച്ചുമാറ്റിയുണ്ടാക്കിയ ഡിസൈനാണ് കബാലിക്കായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് ആരോപണം.
രജനികാന്ത് ഒരു ചങ്ങല പിടിച്ചു നില്‍ക്കുന്ന പോസ്റ്ററാണ് ആരോപണ വിധേയമായിട്ടുള്ളത്. ശത്രുക്കളെല്ലാം അതുകൊണ്ടുള്ള പ്രഹരത്താല്‍ തകര്‍ന്നുപോകുന്നത് പോസ്റ്ററിന്‍റെ തീമാണ്. ഇതിനോട് സമാനമായ പോസ്റ്റര്‍ തന്നെയാണ് ടിക് ടിക്കിന്‍റേത്.
എറിക് മാട്ടി സംവിധാനം ചെയ്ത ഹൊറര്‍ ആക്ഷന്‍ ത്രില്ലറാണ് ടിക് ടിക്. എന്നാല്‍ ഈ സിനിമയുടെ പ്രമേയവുമായി കബാലിക്ക് ഒരു ബന്ധവുമില്ല. അട്ടക്കത്തി, മദ്രാസ് തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ രഞ്ജിത്താണ് കബാലിയുടെ സംവിധായകന്‍. ചെന്നൈ മൈലാപ്പൂര്‍ മുതല്‍ മലേഷ്യ വരെ പരന്നുകിടക്കുന്ന അധോലോക സാമ്രാജ്യത്തിന്‍റെ അധിപനായാണ് രജനികാന്ത് ഈ സിനിമയില്‍ അഭിനയിക്കുന്നത്.