മോഹന്‍ലാല്‍ വീണ്ടും തമിഴില്‍. ഉന്നൈപ്പോല് ഒരുവന് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ തമിഴിലെത്തുന്നത് പക്ഷേ ഒരു ഡബ്ബിംഗ് സിനിമയുമായാണ്. അതേ, മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായ ‘സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്’ തമിഴിലേക്ക് ഡബ്ബ് ചെയ്യുകയാണ്. ചിത്രത്തിന്റെ പേര് ‘വെട്രിനടൈ’.
1989ലെ മെഗാഹിറ്റായ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗമാണ് കഴിഞ്ഞ വര്‍ഷം റിലീസായ സാഗര്‍ എലിയാസ് ജാക്കി. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ അമല്‍ നീരദ് ഒരുക്കിയ ഈ സിനിമ മലയാളത്തില്‍ വലിയ തരംഗം സൃഷ്ടിച്ചില്ല. അഞ്ചുകോടി 25 ലക്ഷം രൂപ മുടക്കിയ സാഗറിന് രണ്ടുകോടി രൂപ സാറ്റലൈറ്റ് - വീഡിയോ - ഓഡിയോ അവകാശങ്ങള്‍ വഴി ലഭിച്ചു. നാലു കോടി രൂപയാണ് ചിത്രത്തിന് ലഭിച്ച ഷെയര്‍.
മോഹന്‍ലാലിന് ഭാവനയായിരുന്നു ഈ ചിത്രത്തില്‍ നായിക. ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറുടെ വേഷത്തിലാണ് ഭാവന ഈ ചിത്രത്തിലെത്തുന്നത്. അധോലോക നായകനായ സാഗറുമായി ഭാവനയുടെ കഥാപാത്രം പ്രണയത്തിലാകുന്നു. എന്നാല്‍ മോഹന്‍ലാലും ഭാവനയും ഒന്നിച്ചുള്ള ഗാനരംഗം പ്രേക്ഷകര്‍ സ്വീകരിച്ചില്ല. അതേസമയം ജ്യോതിര്‍മയിയുടെ ഗ്ലാമര്‍ ഗാനരംഗത്തിന് തിയേറ്ററുകളില്‍ നിറഞ്ഞ കയ്യടിയായിരുന്നു.
ശ്രീ സായ് സിനിമ ക്രിയേഷന്‍സാണ് സാഗര്‍ എലിയാസ് ജാക്കിയുടെ ഡബ്ബ് പതിപ്പായ ‘വെട്രിനടൈ’ പ്രദര്‍ശനത്തിനെത്തിക്കുന്നത്. മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുന്ന ഈ ചിത്രം തമിഴകത്തെ മോഹന്‍ലാല്‍ പ്രേമികള്‍ക്ക് വിരുന്നാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.