മലയാളികളുടെ സ്വന്തം മാന്നാര്‍ മത്തായി വീണ്ടും വരികയാണ്. അതേ, റാംജിറാവ് സ്പീക്കിംഗിന്റെ മൂന്നാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. ഇന്നസെന്റ് മാന്നാര്‍ മത്തായിയാകുന്ന ചിത്രത്തില്‍ മുകേഷ്, സായികുമാര്‍, വിജയരാഘവന് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വില്ലനായി ബിജു മേനോന്റെ സാന്നിധ്യവും ഉണ്ടാകും.
മാണി സി കാപ്പനാണ് ‘മാന്നാര്‍ മത്തായി സ്പീക്സ് എഗൈന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധായകന്. റാംജിറാവിന്റെ രണ്ടാംഭാഗമായ ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’ സംവിധാനം ചെയ്തത് മാണി സി കാപ്പനായിരുന്നു.
(ഇതിന്റെ അണിയറക്കഥ ഇങ്ങനെയാണ്. 1989ല്‍ റിലീസായി മെഗാഹിറ്റായി മാറിയ റാംജിറാവ് സ്പീക്കിംഗിന്റെ രണ്ടാം ഭാഗം ചെയ്യേണ്ടെന്നായിരുന്നു സംവിധായകരായ സിദ്ദിഖ് ലാലിന്റെ അഭിപ്രായം. ഒടുവില്‍ മാണി സി കാപ്പന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, താന്‍ സംവിധാനം ചെയ്യില്ല എന്ന നിലപാടില്‍ ലാല്‍ ഉറച്ചുനിന്നു. അങ്ങനെ സിദ്ദിഖ് അണ് ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’ സംവിധാനം ചെയ്തത്. പക്ഷേ സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് തന്റെ പേര് വേണ്ടെന്നും മാണി സി കാപ്പന് എന്നു കൊടുത്താല്‍ മതിയെന്നും സിദ്ദിഖ് നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് മാന്നാര്‍ മത്തായിയുടെ സംവിധായകന് മാണി സി കാപ്പനായി മാറിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സിദ്ദിഖ് ലാലിനുള്ള പ്രത്യേക നന്ദി ടൈറ്റില്‍ കാര്‍ഡില്‍ പ്രദര്ശിപ്പിക്കുവാന് മാണി സി കാപ്പന് മറന്നില്ല).
മാണി സി കാപ്പന്റെ ഒ കെ പ്രൊഡക്ഷന്‍സ് തന്നെയാണ് മാന്നാര്‍ മത്തായി സ്പീക്സ് എഗൈന്‍ നിര്‍മ്മിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. തിരക്കഥ അണിയറയില്‍ പൂര്‍ത്തിയായി വരുന്നു. സിദ്ദിഖോ ലാലോ അല്ല തിരക്കഥയെഴുതുന്നത് എന്നതും ശ്രദ്ധേയം.
മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനവും ഇതിനിടെ മാണി സി കാപ്പന് നടത്തുന്നുണ്ട്. രാജസേനനാണ് ആ സിനിമ സംവിധാനം ചെയ്യുന്നത്.