Biju|
Last Updated:
വ്യാഴം, 16 മാര്‍ച്ച് 2017 (16:12 IST)
നരസിംഹം എന്ന മെഗാഹിറ്റിന് ശേഷം ‘ഇനിയെന്ത്?’ എന്നാലോചിച്ച് ഷാജി കൈലാസ് തലപുകയ്ക്കുന്ന കാലം. നരസിംഹത്തിനും മുകളില്‍ നില്‍ക്കുന്ന ഒരു സിനിമ ചെയ്തിട്ടേ ഇനി കാര്യമുള്ളൂ. അങ്ങനെയുള്ള സബ്‌ജക്ടുകള്‍ കുറേയെണ്ണം ഷാജി ആലോചിച്ചു.
ഈ പ്രൊജക്ടിനായി രഞ്ജിത്തും തലപുകയ്ക്കുകയായിരുന്നു. മമ്മൂട്ടിയെ നായകനാക്കാമെന്ന് തീരുമാനിച്ചതുമുതല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള മമ്മൂട്ടിക്കഥാപാത്രങ്ങളെക്കുറിച്ച് ആലോചിച്ചു. സ്നേഹമയനായ വല്യേട്ടന്‍ കഥാപാത്രമായി മമ്മൂട്ടി എന്നും തിളങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരാണ്.
വാത്സല്യത്തിലെ വല്യേട്ടന്‍ കഥാപാത്രത്തിന് ഒരു ആക്ഷന്‍ മുഖം നല്‍കിയതായിരുന്നു ‘വല്യേട്ടന്‍’ എന്ന സിനിമ. നരസിംഹത്തിന് ശേഷം ഷാജി കൈലാസും രഞ്ജിത്തും ഒന്നിച്ച ചിത്രത്തില്‍ മമ്മൂട്ടി നായകനായപ്പോള്‍ ഒരു തകര്‍പ്പന്‍ ഹിറ്റ് ജനിക്കുകയായിരുന്നു.
2000ലെ ഓണക്കാലത്ത് റിലീസ് ചെയ്ത വല്യേട്ടന്‍ തിയേറ്ററുകളില്‍ 150ലധികം ദിവസം പ്രദര്‍ശിപ്പിച്ചു. മമ്മൂട്ടിയുടെ അറയ്ക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു. മാധവനുണ്ണിയുടെ ‘ഇട്ടിക്കണ്ടപ്പന്‍’ പ്രയോഗവും ഹിറ്റായി. കലാഭവന്‍ മണി അവതരിപ്പിച്ച കാട്ടിപ്പള്ളി പപ്പന്‍ എന്ന വില്ലന്‍ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
രഞ്ജിത് സംവിധായകനാകുന്നതിന് മുമ്പാണ് വല്യേട്ടന്‍ എന്ന സിനിമ വരുന്നത്. വല്യേട്ടനിലെ ‘ശിവമല്ലിപ്പൂപൊഴിക്കും...” എന്ന ഗാനരംഗം ചിത്രീകരിച്ചത് രഞ്ജിത്താണ്. ശോഭനയായിരുന്നു ചിത്രത്തിലെ നായിക. പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് സായികുമാറാണ്. പട്ടേരി ശിവരാമന്‍ എന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്.
ഷാജി കൈലാസ് ഒരു തിരിച്ചുവരവിന് ശ്രമിക്കുന്ന കാലമാണ്. മമ്മൂട്ടിയെ നായകനാക്കി വല്യേട്ടന് രണ്ടാം ഭാഗത്തിന് ഇപ്പോള്‍ നല്ല സ്കോപ്പുണ്ട്. രഞ്ജിത് അങ്ങനെയൊരു തിരക്കഥ ഷാജിക്ക് എഴുതിനല്‍കുമോ? മമ്മൂട്ടിയുടെ ‘ഇട്ടിക്കണ്ടപ്പാ’ വിളി വീണ്ടും തിയേറ്ററുകളില്‍ മുഴങ്ങുമോ? കാത്തിരിക്കാം.