ബോക്സ് ഓഫീസില്‍ താണ്ഡവമാടാന്‍ മോഹന്‍ലാല്‍! - വിസ്മയക്കാഴ്ചകളുമായി മാണിക്യന്‍, ആദ്യ 200 കോടി ചിത്രമാകുമോ ഒടിയന്‍?

തേങ്കുറിശിയില്‍ മാണിക്യനെ കാത്തിരിക്കുന്ന വിസ്മയക്കാഴ്ചകള്‍ എന്ത്? - മോഹന്‍ലാല്‍ സംസാരിക്കുന്നു

aparna| Last Updated: ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (11:52 IST)
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍. ഉദ്യോഗവും വിസ്മയവും നിറഞ്ഞ കഥകളാണ് ഒടിയനു പറയാനുള്ളത്. സിനിമാ പ്രേമികള്‍ക്കൊപ്പം താനും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയനെന്ന് മോഹന്‍ലാല്‍ പറയുന്നു. എല്ലാം അവസാനിപ്പിക്കണമെന്ന് കരുതി തേങ്കുറിശിയില്‍ നിന്നും മാണിക്യന്‍ എത്തിപ്പെടുന്നത് കാശിയിലാണെന്ന് മോഹന്‍ലാല്‍ പറയുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

‘ഇപ്പോള്‍ ഞാന്‍ വാരണാസിയിലാണ്, കാശിയില്‍‍. ഗംഗയുടെ തീരത്ത്. ഒടിയന്‍ മാണിക്യന്റെ കഥ പറയാനാണ് ഞങ്ങള്‍ ഇവിടെയെത്തിയത്, ഒടിയന്‍ മാണിക്യന്റെ കഥ നടക്കുന്നത് കാശിയില്‍ അല്ല, അത് നാട്ടിലാണ്. തേങ്കുറിശിയില്‍. എല്ലാം അവസാനിപ്പിക്കണമെന്ന് കരുതി മാണിക്യന്‍ വന്ന് പെടുന്നത് കാശിയിലാണ്. ഈ ഗംഗയുടെ തീരത്തും ഇവിടുത്തെ തിരക്കേറിയ നഗരങ്ങളിലുമായി അദ്ദേഹം അനേകം വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടി. പക്ഷേ ഇപ്പോള്‍ മാണിക്യന് തേങ്കുറിശിയിലേക്ക് തിരിച്ചു പോയേ പറ്റൂ. ഒരുപാട് കഥാപാത്രങ്ങളും ഒരുപാട് സംഭവവികാസങ്ങളും മാണിക്യനെ കാത്ത് തേങ്കുറിശിയില്‍ ഇരിപ്പുണ്ട്. അതുകൊണ്ട് മാണിക്യന്‍ തിരിച്ചു പോകുകയാണ്‘. - മോഹന്‍ലാല്‍ പറയുന്നു.

മാണിക്യനെ സിനിമയിലേക്ക് ക്യാമറിയിലൂടെ അവതരിപ്പിക്കുന്നത് ഷാജി കുമാര്‍ ആണ്. സംഘട്ടനങ്ങള്‍ നിറഞ്ഞ മാണിക്യന്റെ ജീവിതം തിരശീലയിലേക്ക് പകര്‍ത്തുന്നത് പീറ്റര്‍ ഹെയ്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹരികൃഷ്ണനാണ്. ഒടിയന്‍ സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ ആണ്.

തേങ്കുറിശിയിലേക്ക് പോകുന്ന മാണിക്യനെ കാത്തിരിക്കുന്നത് എന്തെല്ലാമാണെന്ന് നമുക്ക് കണ്ടറിയാമെന്ന് മോഹന്‍ലാല്‍ പറയുന്നു. മാണിക്യന്റെ വിശേഷങ്ങളുമായി താന്‍ വീണ്ടുമെത്തുമെന്ന് താരം പറയുന്നു. മോഹന്‍ലാലിന്റെ ആദ്യ 200 കോടി ക്ലബില്‍ കയറുന്ന ചിത്രമാകും ഒടിയനെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടക്കുന്നുണ്ട്. വിസ്മയക്കാഴ്ചകള്‍ ഒരുക്കി മോഹന്‍ലാല്‍ കാത്തിരിക്കുകയാണ്. അപ്പോള്‍ പിന്നെ 200 കോടി ആരാധകര്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :