BIJU|
Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (10:52 IST)
മലയാള സിനിമയില്‍ നല്ല ചിത്രങ്ങള്‍ മാത്രം ലക്‍ഷ്യമാക്കി നീങ്ങുന്ന പൃഥ്വിരാജിന്‍റെ ഓരോ സിനിമകളും പ്രേക്ഷകര്‍ക്ക് പുതുമയുള്ള സമ്മാനങ്ങളാണ്. ഏറ്റവും പുതിയ ചിത്രമായ ‘ആദം’ പ്രേക്ഷകര്‍ വലിയ ഹിറ്റാക്കി മാറ്റിക്കഴിഞ്ഞു.
അതേസമയം തന്നെ പൃഥ്വിയുടെ ‘കര്‍ണന്‍’ എന്ന പ്രൊജക്ടും ചര്‍ച്ചാവിഷയമാകുകയാണ്. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ആ സിനിമയുടെ ചിത്രീകരണം എന്നാരംഭിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഹൈദരാബാദില്‍ നേരത്തേ തന്നെ ആരംഭിച്ചുകഴിഞ്ഞെങ്കിലും ഇപ്പോഴത്തെ സ്റ്റാറ്റസ് ആരും അറിയിച്ചിട്ടില്ല.
അതേസമയം, മോഹന്‍ലാലിന്‍റെ 1000 കോടി പ്രൊജക്ടായ രണ്ടാമൂഴത്തില്‍ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുന കര്‍ണനാകുമെന്ന് ഉറപ്പായി. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൃഥ്വിരാജിന്‍റെ കര്‍ണന്‍ വൈകുകയും നാഗാര്‍ജ്ജുനയുടെ കര്‍ണന്‍ അതിനുമുമ്പേ എത്തുകയും ചെയ്താല്‍ അത് പൃഥ്വി ആരാധകര്‍ക്ക് വലിയ തിരിച്ചടിയാകും. മാത്രമല്ല, മമ്മൂട്ടിയും കര്‍ണനാകാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടത്തുന്നുണ്ടെന്നാണ് വിവരം. മധുപാലായിരിക്കും ആ ചിത്രത്തിന്‍റെ സംവിധായകന്‍.