ദിലീപിന്‍റെ രഞ്ജിത് ചിത്രം, ഈ വര്‍ഷം തന്നെ!

WEBDUNIA|
PRO
ദിലീപ് ഇപ്പോള്‍ തന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. അദ്ദേഹം നായകനായ ‘മായാമോഹിനി’ ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്ററായി മാറി. 20 കോടിയിലധികമാണ് ഈ ചിത്രത്തിന്‍റെ കളക്ഷന്‍. അതിന്‍റെ ആവേശത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ തെലുങ്കിലെ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകന്‍ കോടിരാമകൃഷ്ണ സത്യസായി ബാബയാകാന്‍ ദിലീപിനെ ക്ഷണിച്ചിരിക്കുകയാണ്. ദിലീപ് ക്ഷണം സ്വീകരിച്ചു. മലയാളത്തിലെ ഒരു താരം വാങ്ങിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിലാണ് ദിലീപ് ഈ ചിത്രത്തിലേക്ക് കരാറായിരിക്കുനത്.

ബാബയുടെ 25 മുതല്‍ 85 വയസ്സുവരെയുള്ള ജീവിതമാണ്‌ ദിലീപ്‌ അവതരിപ്പിക്കുന്നത്‌. തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്ക ഷെട്ടി ഈ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പുതിയ വാര്‍ത്ത, മലയാള സിനിമയിലെ അതികായന്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ദിലീപ് കരാറായിരിക്കുന്നു എന്നാണ്. ഈ വര്‍ഷം തന്നെ ഈ സിനിമയുടെ റിലീസ് ഉണ്ടാകും എന്ന് ദിലീപ് അറിയിക്കുന്നു.

“ഞാന്‍ എപ്പോഴും കരുതുന്നത് ഞാനാണ് രഞ്ജിത്തേട്ടന്‍റെ എല്ലാ സിനിമയിലെയും നായകന്‍ എന്നാണ്. അത്രയ്ക്ക് മാനസിക അടുപ്പമാണ് ഞങ്ങള്‍ തമ്മില്‍. എപ്പോഴും ഒരു കമ്യൂണിക്കേഷന്‍ നടക്കുന്നുണ്ട്. തമ്മില്‍ കാണുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ സിനിമ ചെയ്തിട്ട് ഒരുപാടുകാലമായി എന്നൊരു ഫീല്‍ ഉണ്ടാകുന്നത്. മിഴിരണ്ടിലും കഴിഞ്ഞ് ഒരു വലിയ ഗ്യാപ്പായി. എന്തായാലും ഈ വര്‍ഷം ഞങ്ങള്‍ ഒന്നിക്കുകയാണ്. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്ന് കരുതാം” - ഒരു ചാനല്‍ അഭിമുഖത്തില്‍ ദിലീപ് വ്യക്തമാക്കി.

രഞ്ജിത്തിന്‍റെ മോഹന്‍ലാല്‍ ചിത്രം സ്പിരിറ്റ് വ്യാഴാഴ്ച റിലീസാകുകയാണ്. അതിന് ശേഷം രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ജി എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘മലബാര്‍’ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ ജോലികള്‍ തുടങ്ങും. അതുകഴിഞ്ഞാല്‍ ശങ്കര്‍ രാമകൃഷ്ണന്‍റെ രചനയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രവും നടക്കും. അതിനിടയില്‍ ദിലീപ് പ്രൊജക്ടും സംഭവിക്കുമെന്നാണ് സൂചന.

അടുത്ത വര്‍ഷം ആദ്യം രഞ്ജിത് തന്‍റെ സ്വപ്നപദ്ധതിയായ ‘ലീല’യുടെ ചിത്രീകരണം ആരംഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :