കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട്, സി ഐ ഡി ഉണ്ണികൃഷ്ണന് ബിഎ ബിഎഡ്, അനിയന്‍ബാവ ചേട്ടന്‍ബാവ, ആദ്യത്തെ കണ്മണി, ദില്ലിവാലാ രാജകുമാരന്, കഥാനായകന്, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്, മലയാളിമാമന് വണക്കം തുടങ്ങിയ സിനിമകള്‍ മറക്കാനാകുമോ? സത്യസന്ധമായ നര്‍മ്മമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ ആ സിനിമകള്‍ മലയാളികള്‍ക്കൊരിക്കലും മറക്കാനാവില്ലെന്നതാണ് സത്യം. പക്ഷേ ഈ സിനിമകളും ഇതിന്റെ സംവിധായകനെയും നടന് ജയറാം മറന്നു എന്നാണ് പുതിയ ആരോപണം.
ആരോപണം ഉയര്‍ത്തുന്നത് ആരാണെന്നല്ലേ? ഈ ചിത്രങ്ങളുടെ സംവിധായകനായ രാജസേനന് തന്നെ. അതേ, ആത്മസുഹൃത്തായ ജയറാമിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രാജസേനന് രംഗത്തെത്തിയിരിക്കുന്നു. ജയറാം വന്നവഴി മറന്നതായാണ് രാജസേനന്റെ ആരോപണം. തന്നെ ഫോണില്‍ വിളിക്കാന്‍ പോലും തയ്യാറാകാത്ത നിലയില്‍ ജയറാം മാറിയതായാണ് രാജസേനന് കുറ്റപ്പെടുത്തുന്നത്.
‘മേലേപ്പറമ്പില്‍ ആണ്‍വീട്’ എന്ന മെഗാഹിറ്റിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ ജയറാം വിസമ്മതിച്ചതാണ് ഈ ആരോപണങ്ങളുടെയൊക്കെ അടിസ്ഥാന കാരണം. ജയറാമിനെ തന്നെ നായകനാക്കി രണ്ടാം ഭാഗം എടുക്കാനായിരുന്നു രാജസേനന് ആദ്യം ആലോചിച്ചത്. എന്നാല്‍ ജയറാം അതിന് തയ്യാറായില്ല. എങ്കില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കാം, ജയറാം അതിഥി വേഷത്തില്‍ അഭിനയിക്കട്ടെ എന്നായി രാജസേനന്. പക്ഷേ, അതിഥിവേഷത്തിനാണെങ്കില് പോലും ഒരു രാജസേനന് ചിത്രത്തില്‍ താന്‍ അഭിനയിക്കില്ലെന്ന നിലപാടിലാണ് ജയറാം.
ഇടക്കാലത്ത് തകര്‍ച്ചയെ നേരിട്ട ജയറാം ഇപ്പോള്‍ ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. അതിനിടയില്‍ രാജസേനന്റെ സിനിമയിലഭിനയിക്കാതിരിക്കുന്നതാണ് ഭേദമെന്ന് ജയറാം കരുതിയിട്ടുണ്ടാകാം. തുടര്‍ച്ചയായി പരാജയചിത്രങ്ങള്‍ മാത്രമാണ് രാജസേനന് ഇപ്പോള്‍ ഒരുക്കുന്നത്. 2002ന് ശേഷം രാജസേനന്റേതായി പുറത്തുവന്ന നക്ഷത്രക്കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി, സ്വപ്നം കൊണ്ട് തുലാഭാരം, ഇമ്മിണി നല്ലൊരാള്‍, മധുചന്ദ്രലേഖ, കനകസിംഹാസനം, റോമിയോ, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, ഒരു സ്മോള്‍ ഫാമിലി എന്നീ സിനിമകള്‍ ബോക്സോഫീസ് ദുരന്തങ്ങളായി മാറിയിരുന്നു. രാജസേനന് ഡേറ്റ് നല്‍കുന്നത് ആത്മഹത്യാപരമാകുമെന്ന് ജയറാം കരുതുന്നത് ഈ കാരണം കൊണ്ടാണത്രെ.
ജയറാമിന് സിനിമയില്‍ ഒരു മേല്‍വിലാസമുണ്ടാക്കിക്കൊടുത്തത് താനാണെന്നാണ് രാജസേനന് പറയുന്നത്. ജയറാം വന്ന വഴി മറക്കരുതെന്ന് ഉപദേശിക്കുന്ന രാജസേനന് ‘മേലേപ്പറമ്പില്‍ ആണ്‍വീട്’ രണ്ടാം ഭാഗം ഒരുക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ‘ജയറാമില്ലെങ്കിലും ഈ സിനിമ ഹിറ്റാക്കാന്‍ പറ്റുമോ എന്നു നോക്കട്ടെ’ എന്നൊരു വെല്ലുവിളിയും സംവിധായകന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി അറിയുന്നു.