കോളിവുഡില്‍ സമീപകാലത്ത് ഏറ്റവും വിവാദം സൃഷ്ടിച്ച ഒരു പ്രണയത്തിന് ശുഭാന്ത്യമുണ്ടാകുകയാണ്. പ്രഭുദേവയും നയന്‍താരയും ഉടന്‍ വിവാഹിതരാകും. ഓണത്തിന് മുമ്പ് നയന്‍സിന്റെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമാഭിനയം നയന്‍താര അവസാനിപ്പിച്ചുകഴിഞ്ഞു. ‘ശ്രീരാമരാജ്യം’ എന്ന ചിത്രത്തിലൂടെ അഭിനയജീവിതത്തിന് തിരശീലയിടാന്‍ കഴിഞ്ഞതില്‍ നയന്‍സ് സന്തുഷ്ടയാണ്. തന്റെ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ ഇതിനിടെ ചിലമ്പരശന്‍ നയന്‍താരയെ ക്ഷണിച്ചെങ്കിലും നയന്‍സ് വിസമ്മതം അറിയിച്ചു.
വിവാഹത്തിന് മുമ്പ് പരമാവധി ദേവാലയങ്ങള്‍ സന്ദര്‍ശിക്കാനാണ് പ്രഭുദേവയും നയന്‍താരയും തീരുമാനിച്ചിരിക്കുന്നത്. ഇരുവരും കഴിഞ്ഞ ദിവസം ഗുരുവായൂരിലെത്തി. ഗുരുവായൂരില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ നയന്‍താര കാറിനുള്ളില്‍ ഇരുന്നതേയുള്ളൂ. പ്രഭുദേവ കദളിക്കുല സമര്‍പ്പിച്ച് പ്രസാദം വാങ്ങി.
തെന്നിന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലും പള്ളികളിലും അനുഗ്രഹം തേടിയ ശേഷം വിവാഹജീവിതത്തിലേക്ക് കടക്കാമെന്നാണ് ഇരുവരും കണക്കുകൂട്ടുന്നത്. പ്രഭുദേവ സംവിധാനം ചെയ്യുന്ന ആക്ഷന്‍ സിനിമയുടെ തിരക്കുകളിലേക്ക് കടക്കുന്നതിന് മുമ്പ് ഇരുവരും വിവാഹിതരാകും.