ആഗസ്റ്റ് 15ല്‍ അനുഭവിച്ചു, ഇനി ആവര്‍ത്തിക്കില്ല: ഷാജി കൈലാസ്
WEBDUNIA|
PRO
റീമേക്കോ രണ്ടാം ഭാഗമോ ചെയ്യുമ്പോള്‍ റിസ്ക് കൂടുതലാണെന്നും അതുകൊണ്ട് അത്തരം കാര്യങ്ങള്‍ ഇനി ചെയ്യില്ലെന്നും ഷാജി കൈലാസ്. ആഗസ്റ്റ് 15 എന്ന സിനിമയിലൂടെ തനിക്ക് അത് ബോധ്യപ്പെട്ടതായും ഷാജി പറയുന്നു.
എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ആഗസ്റ്റ് 1’ന്റെ രണ്ടാം ഭാഗമായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത ആഗസ്റ്റ് 15. ചിത്രം കനത്ത പരാജയമായി. ആഗസ്റ്റ് 1ല്‍ നിന്ന് വ്യത്യസ്തമായി ഒരു പുതുമയും നല്കാന് ആഗസ്റ്റ് 15ന് കഴിഞ്ഞില്ല എന്നതായിരുന്നു ആ സിനിമയുടെ ന്യൂനത.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സിംഹാസനം പഴയകാല ഹിറ്റ് ചിത്രമായ നാടുവാഴികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. എന്നാല്‍ സിംഹാസനം നാടുവാഴികളുടെ രണ്ടാം ഭാഗമോ റീമേക്കോ അല്ല.
“നാടുവാഴികളുടെ രണ്ടാം ഭാഗമായിരുന്നു ഞാന്‍ ആദ്യം പ്ലാന്‍ ചെയ്തത്. പക്ഷേ ഒരു സംതൃപ്തി വന്നില്ല. കുഴപ്പമാകുമോ എന്ന ഭയം. ആഗസ്റ്റ് 15 നമ്മള് അനുഭവിച്ചതല്ലേ? വിചാരിച്ച രീതിയില്‍ അത് വന്നില്ലല്ലോ. ഇപ്പോള്‍ ഓഡിയന്‍സ് വേറെ കഥ പ്രതീക്ഷിച്ചാണ് വരുന്നത്. നാടുവാഴികളിലെ അച്ഛന് - മകന് ബന്ധം മാത്രമാണ് സിംഹാസനത്തില്‍ എടുത്തിട്ടുള്ളത്. ഈ സിനിമയുടെ കഥയ്ക്ക് നാടുവാഴികളുമായി വേറെ ബന്ധമൊന്നുമില്ല” - ഷാജി കൈലാസ് ചിത്രഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.