Last Modified ശനി, 20 ഫെബ്രുവരി 2016 (17:33 IST)
ഭാസ്കര്‍ ദി റാസ്കല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. മമ്മൂട്ടി അവതരിപ്പിച്ച ഭാസ്കര്‍ എന്ന കഥാപാത്രത്തെ തമിഴില്‍ രജനികാന്ത് അവതരിപ്പിക്കുമെന്ന് ഏകദേശം ഉറപ്പായി. സിദ്ദിക്ക് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2017 മധ്യത്തോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘2.0’, പാ രഞ്ജിത്തിന്റെ ‘കബാലി’ എന്നീ സിനിമകള്‍ക്ക് ശേഷം രജനികാന്ത് സിദ്ദിക്ക് ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങും.
സിദ്ദിക്ക് ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാജോലികളിലാണ്. ഭാസ്കര്‍ ദി റാസ്കലിനെ ഒരു രജനികാന്ത് ചിത്രമായി മാറ്റിയെടുക്കുക എന്ന ശ്രമകരമായ ജോലിയാണ് സിദ്ദിക്ക് ഏറ്റെടുത്തിരിക്കുന്നത്. നയന്‍താര തന്നെയായിരിക്കും തമിഴ് റീമേക്കിലും നായികയാവുക.
ഫ്രണ്ട്സ്, എങ്കള്‍ അണ്ണ, കാവലന് തുടങ്ങിയ മെഗാഹിറ്റ് തമിഴ് ചിത്രങ്ങള്‍ സിദ്ദിക്ക് ഒരുക്കിയിട്ടുണ്ട്.