അപർണ|
Last Modified ഞായര്‍, 24 ജൂണ്‍ 2018 (08:57 IST)
അര്‍ജന്റീനയുടെ പുലിക്കുട്ടി ലയണല്‍ മെസിക്ക് ഇന്ന് 31 ആം പിറന്നാള്‍. കാല്‍പ്പന്ത് കളിയുടെ അമരത്ത് വളരെ വേഗമാണ് മെസി പ്രതിഭ കൊണ്ട് സ്ഥാനം നേടിയത്. പല പ്രതിരോധ താരങ്ങളും മെസിയെ താഴിട്ടുപൂട്ടിയിടത്തു നിന്നും ഗോൾ വല ചലിപ്പിക്കാൻ കഴിവുള്ള മാന്ത്രികനാണ് മെസി.
താരത്തിന്റെ 31ആം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ സ്വപ്‌നം കാണുന്നത് വലിയ ഒരു തിരിച്ചുവരവാണ്. ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങളില്‍ ഫുട്‌ബോളിലെ സുവര്‍ണ്ണകിരീടത്തിനു വേണ്ടി അത്ഭുത പോരാട്ടത്തിന് മെസിക്ക് സാധിക്കുമെന്നാണ് ആരാധകര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.
പുറത്താക്കലിന്റെ പടിവാതിക്കല്‍ നില്‍ക്കുന്ന അര്‍ജന്റീനയുടെ മടങ്ങിവരവ് സ്വപ്‌നങ്ങളും മെസിയെ ചുറ്റിപറ്റിയാണ്. മെസിയില്ലാതെ എന്ത് ലോകകപ്പ് എന്നാണ് ആരാധകർ ചോദിക്കുന്നത്. കാല്‍പ്പന്ത് കളിയില്‍ മെസി നേടിയ നേട്ടങ്ങള്‍ അനുപമമാണ്.
എന്നാൽ, ഇപ്പോഴും സൂപ്പര്‍ താരത്തിന് അന്യമായി നില്‍ക്കുകയാണ് ലോകകിരീടം. പത്തു വര്‍ഷത്തില്‍ അധികമായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ മെസി ബൂട്ടണിയുന്നു. ഇത്തവണയെങ്കിലും കപ്പ് അടിക്കാൻ കഴിയുമോയെന്നാണ് ആരാധകർ ചോദിക്കുന്നത്.
പക്ഷേ അര്‍ജന്റീനയെ സംബന്ധിച്ച് മടങ്ങിവരവ് ദുഷ്‌കരമാണ്. ആദ്യ റൗണ്ട് കടക്കാന്‍ തന്നെ കഷ്ടപ്പെടുകയാണ് ടീം. മെസി ഗോള്‍ വേട്ട തുടങ്ങിയിട്ടുമില്ല. കഴിഞ്ഞ ലോകകപ്പില്‍ ജന്മദിനത്തിന്റെ തൊട്ടടുത്ത ദിവസം രണ്ടു ഗോള്‍ നേടി നൈജീരിയക്കെതിരെ വിജയക്കൊടി പാറിച്ച മെസിയുടെ കാലുകള്‍ ഇത്തവണയും അത്ഭുതത്തിന് കാരണമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.