അപർണ|
Last Updated:
വ്യാഴം, 12 ജൂലൈ 2018 (08:11 IST)
ഇംഗ്ലണ്ടിനെ വീഴ്ത്തി
ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം.
ആദ്യപകുതിയിൽ കീറൻ ട്രിപ്പിയർ (5–ആം മിനിറ്റ്) നേടിയ ഗോളിൽ ഇംഗ്ലണ്ട് മുന്നിൽക്കയറി. ആദ്യപകുതി വല ചലിപ്പിക്കാൻ കഴിയാതെ ക്രൊയേഷ്യ നിന്നുപരുങ്ങി. എന്നാൽ, രണ്ടാം പകുതിയിൽ ശക്തമായ പ്രതിരോധവും ആക്രമണവും തന്നെയാണ് ഇവർ കാഴ്ച വെച്ചത്. ഇവാൻ പെരിസിച്ചും (68), എക്സ്ട്രാ ടൈമിൽ മരിയോ മാൻസൂക്കിച്ചും (109) നേടിയ ഗോളുകളിലാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ ചാമ്പലാക്കിയത്.
ജൂലൈ 15ന് രാത്രി ഇതേ വേദിയിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസിനോടാണ് ക്രൊയേഷ്യ ഏറ്റുമുട്ടുന്നത്. അതിനു മുന്നോടിയായി ശനിയാഴ്ച നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ട് ബൽജിയത്തെ നേരിടും. ഗ്രൂപ്പുഘട്ടത്തിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ വിജയം ബൽജിയത്തിനായിരുന്നു.
1998ൽ ആദ്യ ലോകകപ്പിൽ സെമിയിൽ തോറ്റെങ്കിലും മൂന്നാം സ്ഥാനം സ്വന്തമാക്കി മടങ്ങിയ ക്രൊയേഷ്യയ്ക്ക്, ആദ്യ ലോകകിരീടം നേടാനുള്ള സുവർണാവസരമാണ് ഒരു മൽസരമകലെ കാത്തിരിക്കുന്നത്.