പാവറട്ടി തിരുനാളിന് കൊഴുപ്പേകാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി

പാവറട്ടി| WEBDUNIA|
PRO
PRO
ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന പാവറട്ടി സെന്റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് കൊഴുപ്പുകൂട്ടാന്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരമണിക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ നടയ്ക്കല്‍ മേളം അരങ്ങേറും. പാവറട്ടി ഇടവക വടക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തിലാണ് പള്ളിയുടെ നടയ്ക്കല്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നാദപ്രപഞ്ചം വിടരുക. 14-നും 15-നുമായി അരങ്ങേറുന്ന തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ദേവാലയ മുഖമണ്ഡപവും നടുപന്തിയും കമാനങ്ങളാല്‍ വര്‍ണാഭമായി. ശനിയാഴ്ച ആഘോഷമായ കൂടുതുറക്കലും കരിമരുന്ന് പ്രയോഗവും രാത്രി 12ന് വളയെഴുന്നള്ളിപ്പും നടക്കും.

വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകള്‍ രാത്രി 12ന് തീര്‍ഥ കേന്ദ്രത്തിലെത്തി സമാപിക്കുന്നതോടെ വടക്ക് വിഭാഗത്തിന്‍റെ നേതൃത്വത്തിലുള്ള കരിമരുന്ന് കലാപ്രകടനം നടക്കും. ഞായറാഴ്ച രാവിലെ 10 മണിക്കുള്ള നൈവേദ്യപൂജയ്ക്ക് തീര്‍ഥ കേന്ദ്രം വികാരി ഫാദര്‍ നോബി അമ്പൂക്കന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ചഭക്ഷണ ആശീര്‍വാദവും നേര്‍ച്ചയൂട്ടും ആരംഭിക്കും. വൈകീട്ട് 5.30-ന് നടക്കുന്ന സമൂഹബലിക്ക് അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഭക്തിസാന്ദ്രമായ കൂടുതുറക്കല്‍ ശുശ്രൂഷ നടക്കും. തുടര്‍ന്ന് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് അരങ്ങേറും.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമുതല്‍ ഒമ്പതുവരെ തീര്‍ഥ കേന്ദ്രത്തില്‍ ദിവ്യബലി ഉണ്ടാകും. 10-നുള്ള ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ഡേവിസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. റവറന്റ് ഫാദര്‍ ഡോക്‌ടര്‍ വിന്‍സന്‍റ് കുണ്ടുകുളം തിരുനാള്‍ സന്ദേശം നല്‍കും. തിരുനാള്‍ ദിവ്യബലിയെ തുടര്‍ന്ന് ഭക്തിനിര്‍ഭരവും ആകര്‍ഷകവുമായ തിരുനാള്‍ പ്രദക്ഷിണം നടക്കും.

രാത്രി ഏഴിനുള്ള ദിവ്യബലിയെ തുടര്‍ന്ന് 8.30ന് തെക്കു വിഭാഗത്തിന്‍റെ വെടിക്കെട്ട് നടക്കും. തിരുനാളിനോടനുബന്ധിച്ച് ഒന്നര ലക്ഷത്തോളം പേര്‍ക്ക് നേര്‍ച്ച സദ്യ നല്‍കും. കൂടാതെ അരി, അവില്‍ നേര്‍ച്ച പാക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ദേശമേളം, പഞ്ചവാദ്യം, നടയ്ക്കല്‍ മേളം എന്നിവയും അരങ്ങേറും. വെള്ളിയാഴ്ച രാത്രി ഏഴിന് നടന്ന തെക്ക് വിഭാഗത്തിന്റെ പഞ്ചവാദ്യത്തില്‍ നൂറോളം കലാകാരന്മാര്‍ അണിനിരന്നു. ഞായറാഴ്ച വൈകിട്ട് പ്രദക്ഷിണം, കരിമരുന്ന് പ്രകടനം എന്നിവയോടെ തിരുനാള്‍ സമാപിക്കും.

കേരളത്തിലെ ഏറ്റവും വലിയ തിരുനാളായാണ് പാവറട്ടി തിരുനാള്‍ അറിയപ്പെടുന്നത്. തൃശൂര്‍ പൂരവും ഉത്രാളിക്കാവിലെ വേലയും കഴിഞ്ഞാല്‍ മധ്യകേരളത്തിലെ കരുമരുന്ന് പ്രേമികളെ ഏറെ ആകര്‍ഷിക്കുന്ന വെടിക്കെട്ട് പാവറട്ടി തിരുനാളിന്റെ പ്രത്യേകതയാണ്. തിരുനാളിനോട് അനുബന്ധിച്ച് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് സ്വകാര്യ ബസുടമകളും കെ‌എസ്‌ആര്‍‌ടിസിയും പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

(വാര്‍ത്തയ്ക്കും ഫോട്ടോയ്ക്കും കടപ്പാട് - പാവറട്ടി‌ഷൈന്‍ ഡോട്ട് കോം/pavarattyshrine.com)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :