ഒലീവില കമ്പുമായ്‌ ഓശാനപ്പെരുന്നാളു വന്നൂ!

WEBDUNIA|
PRO
PRO
ഓമനക്കൈയിലൊലീവില കമ്പുമായ്‌ പെരുന്നാള്‌ വന്നൂ... എന്നൊരു സിനിമാപാട്ടുണ്ട്‌. ഓശാനപെരുന്നാളിന്റെ മഹിമ വഴിഞ്ഞൊഴുകന്നതാണ് ഈ വരികള്‍. ഞായറാഴ്ച നേരം പുലരുമ്പോള്‍, പള്ളിമണികള്‍ ഉണരുമ്പോള്‍ കൈകളില്‍ ഒലിവില കമ്പുകള്‍ക്ക് പകരം പിടിച്ച് ക്രൈസ്തവര്‍ ഓശാന പെരുന്നാള്‍ ആഘോഷിക്കും. യേശുവിന്റെ സഹനത്തിന്റെ ആഴവും കുരിശു മരണവും മാനവകുലത്തിന്റെ പ്രത്യാശയുടെ അടയാളമായ ഉയിര്‍പ്പു തിരുന്നാളും അനുസ്‌മരിക്കുന്ന പീഢാനുഭവ വിശുദ്ധാചരണത്തിന്‌ ഇതോടെ തുടക്കമാകും.

ഈസ്റ്ററിന്റെ തൊട്ടുമുമ്പത്തെ ഞായറാഴ്ചയാണ്‌ ഓശാന ഞായര്‍. ഇംഗ്ലീഷില്‍ ‘പാം സണ്‍ഡേ’ എന്നാണ് ഈ ആഘോഷം അറിയപ്പെടുന്നു. യേശുദേവന്‍ ജറുസലേം ദേവാലയത്തിലേക്ക്‌ യാത്ര ചെയ്‌തതിന്റെ ഓര്‍മ്മയ്ക്കാണ്‌ ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നത്‌. കുരിശാരോഹണത്തിന് മുമ്പ്‌ ഒരിക്കല്‍ യേശുദേവന്‍ കഴുതപ്പുറത്ത്‌ ജെറുസലേമിലെ തെരുവീഥികളിലൂടെ സഞ്ചരിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവിലകളും ഈന്തപ്പനയോലകളും കുരുത്തോലകളും വീശി എതിരേറ്റതിന്റെ ഓര്‍മ്മ പുതുക്കുന്ന ആചാരമാണിത്. കേരളത്തിലെ വിവിധ സഭകളിലെ ക്രൈസ്‌തവര്‍ വ്യത്യസ്‌ത രീതികളിലാണ്‌ കുരുത്തോലപ്പെരുന്നാള്‍ ആഘോഷിക്കുന്നത്‌ കേരളത്തില്‍ കുരുത്തോലയേന്തിയുള്ള ഘോഷയാത്ര പെരുന്നാളിന്റെ പ്രധാന ചടങ്ങാണ്‌.

കുരുത്തോലപ്പെരുന്നാല്‍ മലയാളത്തിന്റെ മണമുള്ള പെരുന്നാളാണ്‌. ഒലിവിലയ്ക്ക്‌ പകരം വിശ്വാസികള്‍ കുരുത്തോലയേന്താന്‍ തയ്യാറായത്‌ സാംസ്കാരിക സമന്വയത്തിന്റെ വിശ്വാചാരങ്ങള്‍ തദ്ദേശീയമയി മാറുന്നതിന്റെ ഉദാഹരണമാണ്‌. പെരുനാളിനോട്‌ അനുബന്ധിച്ച്‌ വിശ്വാസികള്‍ കുരുത്തോലയുമായി ഘോഷയാത്ര നടത്തും. രാവിലെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും കുരുത്തോല വിതരണവും പ്രദക്ഷിണവും നടക്കും. ഓശാന ഞായറിന്‌ പള്ളിയിലെത്തുന്നവര്‍ക്ക്‌ പുരോഹിതന്‍ കുരുത്തോലക്കണ്ണി നല്‍കുന്നു. കുര്‍ബാന കൈക്കൊള്ളുന്നത്‌ കൈയില്‍ കുരുത്തോലയേന്തിയാണ്‌. ഓശാനാ എന്നാലപിച്ചുകൊണ്ട്‌ പള്ളിപ്രദക്ഷിണവും നടക്കും. വീട്ടിലേക്ക്‌ പോകുമ്പോള്‍ കുരുത്തോലയും കൂടെ കൊണ്ടു പോകുന്നു.

മുന്‍ വര്‍ഷത്തെ കുരുത്തോലപ്പെരുന്നാളിന്‌ വെഞ്ചെരിച്ചു കിട്ടിയ കുരുത്തോല കത്തിച്ച് ചാരമാക്കി, ആ ചാരം നെറ്റിയിലണിയുന്ന കരിക്കുറി പെരുന്നാള്‍ (വിഭൂതി ബുധനെന്നും ആഷ്‌ വെനസ്ഡേയെന്നും ഇതിന് പേരുണ്ട്), വെഞ്ചിരിച്ചു കിട്ടിയ കുരുത്തോലയുപയോഗിച്ച്‌ കുരിശിന്റെ രൂപമുണ്ടാക്കി അപ്പത്തിന്‌ മുകളില്‍ വയ്ക്കുന്ന ആചാരം നടക്കുന്ന വ്യാഴം, യേശുദേവന്റെ കുരിശുമരണ ദിനമായ ദുഃഖ വെള്ളി, ദുഃഖശനി, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദിനമായ ഈസ്റ്റര്‍ എന്നിവയോടെയാണ്‌ ഓശാനയില്‍ തുടങ്ങുന്ന വാരാചരണം പൂര്‍ത്തിയാവുക.

യേശുവിന്റെ വിജയയാത്രയെ അനുസ്‌മരിച്ച്‌ കുരുത്തോലയുമേന്തി ക്രൈസ്‌തവര്‍ ഓശാന പാടുമ്പോള്‍ തങ്ങളുടെ ജീവിതത്തിലേക്ക്‌ ക്രിസ്‌തുവിനെ സ്വീകരിക്കുകയാണ്‌. ഹൃദയ പരിവര്‍ത്തനവും ജീവിത നവീകരണവും ലക്‌ഷ്യം വയ്‌ക്കുന്ന വിശുദ്ധവാര ശുശ്രൂഷകളിലേക്ക്‌ അമ്പതു നോമ്പിന്റെ വിശുദ്ധിയോടെയാണ്‌ വിശ്വാസികള്‍ പ്രവേശിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :