കെങ്കേമമായി തൃശൂര്‍ പൂരം

തൃശൂര്‍ പൂരം, Thrissur Puram
BIJU| Last Modified ബുധന്‍, 25 ഏപ്രില്‍ 2018 (14:59 IST)
മേളക്കൊഴുപ്പിലും കുടമാറ്റത്തിന്‍റെ വര്‍ണജാലത്തിലും ആനകളുടെ ഗാംഭീര്യത്തിലും കരിമരുന്ന് പ്രയോഗത്തിന്‍റെ വിസ്മയത്തിലും ആറാടി കേരളത്തിന്റെ സാംസ്കാരിക നഗരത്തില്‍ പൂരങ്ങളുടെ പൂരം അരങ്ങേറുന്നു. ഘടകപൂരങ്ങളുടെ വരവോടെയാണ് പൂരനഗരി ആവേശത്തിലായത്. പ്രശസ്‌തമായ പഞ്ചവാദ്യവും പാണ്ടിമേളവും പൂരത്തിന്‍റെ മാറ്റ് കൂട്ടി.

വടക്കുന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന തേക്കിന്‍കാട് മൈതാനത്തില്‍ അരങ്ങേറുന്ന തൃശൂര്‍ പൂരത്തിന് പിന്നില്‍ ഐതീഹ്യങ്ങളുടെ വലിയ പൂരം തന്നെയുണ്ട്. ചുടലപ്പറമ്പില്‍ ഉറങ്ങുന്ന, ശനി ദോഷം മൂലം ഭിക്ഷ യാചിക്കേണ്ടി വന്ന മഹാദേവനെ സംരക്ഷിക്കുന്നതിനായി ശക്തന്‍ തമ്പുരാന്‍ ക്ഷേത്രത്തിനു ചുറ്റും വലിയ മതിലുകള്‍ പണിതു. പരമേശ്വര സന്നിധിയിലേക്ക് എത്താനായി നാലു കൂറ്റന്‍ കവാടങ്ങളും തമ്പുരാന്‍ പണികഴിപ്പിച്ചു. ഇതിലൊക്കെ കേമമായി ശക്തന്‍ തമ്പുരാന്‍ ഒരു കാര്യം കൂടി ചെയ്തു - ജനകീയമായ ഒരു പൂരം സംഘടിപ്പിച്ചു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളോട് തേക്കിന്‍ കാട് മൈതാനിയില്‍ പൂരം സംഘടിപ്പിക്കുവാന്‍ ആവശ്യപ്പെട്ടതും 36 മണിക്കൂറുള്ള പൂരത്തിന്‍റെ സമയക്രമം നിശ്ചയിച്ചതും ശക്തന്‍ തമ്പുരാനാണ്. അദ്ദേഹം നിശ്ചയിച്ച നിയമങ്ങള്‍ അതേപടി പാലിച്ചുകൊണ്ടാണ് ഇപ്പോഴും തൃശൂര്‍ പൂരം നടക്കുന്നത്.

തൃശൂര്‍ പൂരത്തിലെ പഞ്ചവാദ്യം ഒരുക്കുന്ന ശ്രവ്യ അനുഭവം അനുപമമാണ്. 200ലധികം കലാകാരന്‍‌മാര്‍ ചേര്‍ന്ന് നടത്തുന്ന ഈ നാദവിസ്മയം നേരിട്ട് അനുഭവിക്കാന്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൂരപ്രേമികള്‍ എത്തുന്നു.

പൂരത്തിനോട് മുന്നോടിയായി നടക്കുന്ന ആനച്ചമയങ്ങളുടെ പ്രദര്‍ശനം, പൂര ദിവസം നടക്കുന്ന കുടമാറ്റം എന്നിവ എത്ര കണ്ടാലും മതിവരാത്ത ഓര്‍മ്മയാണ് മലയാളികളുടെ മനസ്സില്‍ കോറിയിടുന്നത്.

തൃശൂര്‍ പൂരത്തിന്‍റെ മറ്റൊരു പ്രത്യേകത അതിന്‍റെ മതേതര സ്വഭാവമാണ്. പൂരത്തിനായി മനോഹരമായ പന്തലുകളില്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്നത് മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണ്. രണ്ടുനൂറ്റാണ്ടിന്‍റെ പഴക്കമുള്ള തൃശൂര്‍ പൂരം അതിന്‍റെ മതേതരഭാവം കൊണ്ടുതന്നെയാണ് മലയാളികള്‍ അവരുടെ സ്വന്തം ആഘോഷമായി കൊണ്ടാടുന്നത്.

ഇലഞ്ഞിത്തറമേളം

പാറമേക്കാവ് ദേവിയുടെ മൂലസ്ഥാനമെന്നു കരുതുന്ന ഇലഞ്ഞിത്തറയിലാണ് തൃശൂര്‍പൂരത്തിന്‍റെ പ്രസിദ്ധമായ പാറമേക്കാവ് ഭാഗത്തിന്‍റെ 'ഇലഞ്ഞിത്തറമേളം'. ക്ഷേത്രമതില്ക്കകത്ത് സാധാരണ കൊട്ടാത്ത പാണ്ടിമേളമാണ് വടക്കുനാഥക്ഷേത്രവളപ്പില്‍ പാറമേക്കാവ് ഒരുക്കുന്നത്.

പതിനെട്ടുവാദ്യവും ചെണ്ടയ്ക്കുതാഴെ എന്തൊരു പഴമൊഴിയുണ്ട്. ഇത് അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ഇലഞ്ഞിത്തറമേളം. ദാരികവധം കളമെഴുത്തു പാട്ടില്‍ പറയുന്ന 18 വാദ്യങ്ങള്‍ തപ്പ്, തകില്‍, മരം, തൊപ്പിമദ്ദളം, താളം, കുറുങ്കുഴല്‍, കൊമ്പ്, ശംഖ്, ഉടുക്ക്, ഇടയ്ക്ക, ഭേരി, കാഹളം, ഢമ്മാനം, ദുന്ദുഭി മിഴാവ്, തിമില കൈമണി, ചേങ്ങില എന്നിവയാണ് ഇലഞ്ഞിത്തറ മേളത്തിലുപയോഗിക്കുന്നത്.

നിറങ്ങളുടെ കമ്പക്കെട്ട്

പാതിരാത്രിയോടെ കമ്പക്കെട്ട് ആരംഭിക്കുന്നു. മണിക്കൂറോളം നീണ്ട് നില്‍ക്കുന്ന കമ്പക്കെട്ട് അവസാനിക്കുമ്പോഴേക്ക് കാഴ്ചയുടെ സുന്ദരാനുഭവമായ പൂരം കഴിയുന്നു. തൃശൂര്‍നഗരവും മലയാളികളും അടുത്ത പൂരത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങുന്നു.

കോലോത്തുപൂരം

പൂരത്തിന് രണ്ട് ദിവസം മുമ്പ് നടക്കുന്ന അനുഷ്ഠാനം. 'കൊച്ച് വെടിക്കെട്ട്' എന്നും പറയും. പണ്ട് പൂരത്തിന് രാജകുടുംബാംഗങ്ങള്‍ പങ്കെടുക്കില്ലായിരുന്നു. സാധാരണയാളുകള്‍ തങ്ങളെ കാണുന്നതിലുള്ള വിമുഖതയായിരുന്നു കാരണം. അതിനാല്‍ സാക്ഷാല്‍ പൂരത്തിന് രണ്ട് ദിവസം മുമ്പ് രാജകുടുംബാംഗങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പൂരമാണിത്. രാജഭരണമില്ലാതായതോടെ ഇതിന്‍റെ പ്രസക്തി കുറഞ്ഞു. ഇന്ന് അത് ചെറിയ കമ്പക്കെട്ടോടു കൂടിയ ഒരനുഷ്ഠാനമായി.

കുടമാറ്റം

വിസ്മയകരമായ ദൃശ്യ മനോഹരിതയാണ് കുടമാറ്റത്തിന്. വിവിധ വര്‍ണ്ണങ്ങള്‍ നിറഞ്ഞ കുടകള്‍, പഞ്ചവാദ്യ താളത്തിനൊപ്പം, ആനപ്പുറത്തിരുന്ന് പരസ്പരം മാറ്റുന്നു. പിന്നീട് ഇലഞ്ഞിത്തറമേളം ആരംഭിക്കുന്നു. ഇത് രണ്ടര മണിക്കൂറോളമുണ്ടാകും.

വടക്കുനാഥക്ഷേത്രത്തിന്‍റെ തെക്കേ കവാടത്തിലൂടെ പാറമേക്കാവ് കൂട്ടര്‍ പുറത്തേക്ക് വരുന്നു. പൂരത്തിന് മാത്രമാണ് ഈ കവാടം തുറക്കുന്നത്. പിന്നീട് തിരുവമ്പാടിക്കാരും പുറത്തേക്ക് വരുന്നതോടെ കുടമാറ്റം വിപുലമായി ആരംഭിക്കുകയായി. രണ്ട് കൂട്ടരും മത്സരിച്ച് കുടമാറ്റം നടത്തുന്നു. കാണികളാണ് വിജയിയെ നിശ്ചയിക്കുന്നത്. ഒരു മണിക്കൂര്‍ വിശ്രമത്തിനുശേഷം ഇതെല്ലാം ആവര്‍ത്തിക്കുന്നു.

കണിമംഗലത്ത് ദേവന്‍ വടക്കുന്നാഥനെ ദര്‍ശിക്കാനെത്തുന്നതോടെയാണ് പൂരം തുടങ്ങുന്നത്. ഒറ്റ ആനയുമാണ് കണിമംഗലത്തുകാര്‍ എത്തുക. ഇവര്‍ക്കു ശേഷം ഓരോരുത്തരായി വടക്കുന്നാഥനെ ദര്‍ശിക്കാനെത്തിച്ചേരുന്നു. തിരുവമ്പാടിക്കാര്‍ ആദിശങ്കരനാല്‍ സ്ഥാപിതമായ മഠത്തില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഇതിനെ മഠത്തില്‍ വരവ് എന്നാണ് പറയുക. മൂന്ന് ആനകളുമായി മഠത്തില്‍ നിന്ന് പുറപ്പെടുന്ന തിരുവമ്പാടിക്കാര്‍ തേക്കിന്‍കാട് മൈതാനത്തിലെത്തുമ്പോള്‍ പതിനഞ്ച് ആനകളാല്‍ അകമ്പടി സേവിക്കപ്പെടുന്നു.

പൂരത്തലേന്ന്

പൂരത്തിന് തലേന്ന് തിരുവമ്പാടിയും പാറമേക്കാവും ആനകളുടെ അലങ്കാരങ്ങളുടെ പ്രദര്‍ശനം നടത്തുന്നു. സ്വര്‍ണ്ണത്താല്‍ നിര്‍മിച്ച ഈ അലങ്കാരങ്ങള്‍ ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കും. ഈ അലങ്കാരങ്ങളില്‍ പ്രധാനം 'കോലം' (നടുനായകനായ ആനയുടെ നെറ്റിയില്‍ വയ്ക്കുന്നത്) ആണ്. നെറ്റിപ്പട്ടം, കുട, ആലവട്ടം, വെഞ്ചാമരം, അനേകം വെള്ളിവട്ടങ്ങള്‍ എന്നിവയാണ് മറ്റുള്ളവ. ജനസഹസ്രങ്ങളാണ് സുന്ദരമായ ഈ കാഴ്ചയ്ക്ക് വേണ്ടി തൃശൂരിലെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :