ബുദ്ധമതത്തില്‍ നിന്ന് ഉത്ഭവിച്ച ചൈനീസ് ശാസ്ത്രമാണ് ഫെംഗ്ഷൂയി. നിര്‍മ്മിതിയുടെയും ക്രമീകരണത്തിന്റെയും സമയത്തിന്റെയും ശാസ്ത്രമാണ് ഫെംഗ്ഷൂയി എന്ന് പറഞ്ഞാല്‍ തെറ്റില്ല. സചേതന ഊര്‍ജ്ജമായ ‘ചി’ യുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുനതിലൂടെ മനുഷ്യരും പ്രകൃതിയും തമ്മില്‍ കൂടുതല്‍ പൊരുത്തപ്പെടുത്തുകയാണ് ഫെംഗ്ഷൂയിയുടെ ധര്‍മ്മം.
ജീവിത വിജയത്തിന് നമ്മുടെ ശ്രദ്ധയില്‍ പെടാത്ത പലതും വിഘാതമാവുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്. വീടുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് താമസക്കാര്‍ക്ക് വളരെയധികം അനുകൂല അവസ്ഥയുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.
പ്രധാന വാതില്‍
വീടിന്റെ ഐശ്വര്യം നിര്‍ണയിക്കുന്ന പ്രധാന വസ്തുതകളില്‍ ഒന്നാണത്രേ പ്രധാന വാതില്‍. ഇത് പ്രകാശം പതിക്കുന്നിടത്തായിരിക്കാന് ശ്രദ്ധിക്കണം . പ്രധാന വാതിലില്‍ നിന്നാല്‍ ഹാള്‍ മുഴുവനായി കാണാന്‍ കഴിയണം. ഇരുണ്ടതും വൃത്തിയില്ലാത്തതുമായ വാതില്‍ ‘ചി’ യെ അകറ്റി നിര്‍ത്തുമെന്നാണ് വിശ്വാസം.
സ്വീകരണ മുറി
സ്വീകരണ മുറികള്‍ എപ്പോഴും വിശാലത തോന്നിക്കുന്നതാവണം. പുറമെ നിന്നുള്ള ആള്ക്കാര് കൂടുതല്‍ സമയം ചെലവിടുന്ന സ്ഥലമായതിനാല്‍ നല്ല വായു സഞ്ചാരം ഉറപ്പുവരുത്തണം.
ഗൃഹോപകരണങ്ങള്‍ നിറയെ നിരത്തിയിടുന്നത് സ്വീകരണ മുറിയുടെ പ്രൌഡി കൂട്ടുകില്ല. ഇത് മുറി കൂടുതല്‍ ഇടുങ്ങിയതാണെന്ന് തോന്നിക്കും. സ്വീകരണ മുറിയില്‍ ഷെല്ഫുകളും വളരെ കുറച്ച് മതി. സ്വീകരണ മുറിയിലെ തുറന്ന ഷെല്‍ഫുകള്‍ സാമ്പത്തിക പുരോഗതി നല്‍കുമെന്നാണ് ശാസ്ത്രം.