സാരിയുടെ മുഗ്ധലാവണ്യം

WEBDUNIA|
കാമുകിയെക്കുറിച്ചുള്ള ഭാവസാന്ദ്രമായ വികാരതള്ളലില്‍ നെയ്ത്തുകാരന്‍ തന്‍റെ തറികള്‍ ചലിപ്പിച്ചു കൊണ്ടിരുന്നു. അവന്‍റെ സ്വപ്നലോകത്ത് അവളുടെ ലോല സ്പര്‍ശനവും അനേക ഭാവങ്ങളിലെ വര്‍ണ്ണശബളിമയും മുടിയുടെ നേര്‍ത്ത ചലനങ്ങളും മിന്നിത്തിളങ്ങുന്ന കണ്ണുനീര്‍ തുള്ളികളും ഒന്നൊന്നായി മിന്നിമറഞ്ഞു. സ്വപ്ന സഞ്ചാരത്തില്‍ മുഴുകി അവന്‍ നെയ്തു കൂട്ടിയ മുഴുനീള വര്‍ണ്ണവസ്ത്രവും സ്വപ്ന സദൃശ്യമായ അനുഭവമായി തീര്‍ന്നു.

പെണ്‍മനസ്സിലെ വര്‍ണ്ണസ്വപ്നം സാക്ഷാത്ക്കാരമായ സാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു നാടോടിക്കഥയാണിത്. കഥയെന്തായാലും സ്ത്രീയുടെ മുഗ്ദ സൗന്ദര്യത്തിന്‍റെ സ്വപ്ന സാക്ഷാത്ക്കാരമാണ് വൈവിദ്ധ്യങ്ങളുടെ കലവറയായ സാരികള്‍. നൂറ്റാണ്ടുകള്‍ പലത് കഴിഞ്ഞിട്ടും ഭാരത സ്ത്രീത്വത്തിന്‍റെ പൂര്‍ണ്ണത സാരിയില്‍ ദര്‍ശിക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല.

ഡിസൈനുകളുടെ വ്യത്യസ്തതയും ആകര്‍ഷണീയതയും വര്‍ണ്ണവൈവിദ്ധ്യവുമെല്ലാം മറ്റു വസ്ത്രങ്ങളില്‍ നിന്നൊക്കെ വേറിട്ടൊരു കാഴ്ച സാരിയ്ക്ക് പകര്‍ന്നു നല്കുന്നു. ഡിസൈനര്‍ വസ്ത്രങ്ങളുടെ മേളക്കൊഴുപ്പിലും സാരിയ്ക്ക് തന്നെയാണ് ഇന്നും ഒന്നാം സ്ഥാനം.

ഫാഷന്‍ കുതിപ്പുകള്‍ സാരിയില്‍

ഫാഷന്‍ തരംഗത്തിന്‍റെ കുത്തൊഴുക്കുണ്ടാകുമെന്ന് ഫാഷന്‍ ഡിസൈനര്‍മാര്‍ ഒന്നടങ്കം പറയുന്ന ഈ നൂറ്റാണ്ടിലെ വസ്ത്രസങ്കല്പത്തിലുടനീളം സാരിയ്ക്ക് പ്രമുഖ സ്ഥാനമുണ്ടാകുമെന്ന് അവര്‍ പ്രവചിക്കുന്നു. ഒരു ദിവസം ഇട്ട് എറിഞ്ഞു കളയുന്ന തരം കടലാസ് ഷര്‍ട്ടുകളായിരിക്കും 2100 കളിലെ ഫാഷന്‍. എന്നാല്‍ സാരി അന്നും ഇഷ്ട വസ്ത്രമായിരിക്കും. പ്രമുഖ സിനിമ താരങ്ങളുടെ ഫാഷന്‍ ഡിസൈനറായ ആഷ്ലി പറയുന്നു.

വരും വര്‍ഷങ്ങളിലെ ഫാഷന്‍ സിപ്പ് വച്ച സാരിയായിരിക്കുമെന്ന് ഇംഗ്ളണ്ടിലെ വസ്ത്ര ഡിസൈനറായ ലാസന്‍ സിമോണ്‍സ് അഭിപ്രായപ്പെട്ടു. ഞാന്‍ തന്നെ അങ്ങനെയൊരു ഡിസൈന്‍ ഉണ്ടാക്കുന്നുണ്ട് കണ്ടാല്‍ സാരി പക്ഷേ പിറകില്‍ സിപ്പ് കാണും.

ചരിത്രത്തിലെ സാരിവിശേഷങ്ങള്‍

വസ്ത്ര വിശേഷത്തിലെ മഹാത്ഭുതമായ സാരിയുടെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ അറിവുകള്‍ ഇന്നും ലഭ്യമല്ല. എന്നാല്‍ പൗരാണിക കാലം മുതല്‍ തന്നെ ഭാരതത്തില്‍ സാരി ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. ദ്രൗപതിയുടെ വസ്ത്രാക്ഷേപ സമയത്ത് ഭഗവാന്‍ ശ്രീകൃഷ്ണന്‍ നല്കിയ ഒരിക്കലും അവസാനിക്കാത്ത സാരിയായി മഹാഭാരതത്തില്‍ വരെ സാരി സ്ഥാനം നേടി. ഋഗ്വേദത്തിലും ഗ്രീക്ക് ചരിത്രരേഖകളിലും സാരിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

ചരിത്രതാളുകളിലൂടെ സഞ്ചരിക്കുമ്പോള്‍ മുന്‍കാലങ്ങളിലെ വീരവനിതകളും സാരിയുടെ പ്രണേതാക്കാളായിരുന്നു എന്നു കാണാം. ഝാന്‍സിയിലെ റാണി ലക്സ്മിബായി, ബോലാവിഡിയിലെ മല്ലമ്മ, കിത്തോറിലെ യെന്തമ്മ തുടങ്ങിയവര്‍ യുദ്ധഭൂമിയില്‍ ശത്രുവിനോട് ഏറ്റുമുട്ടിയത് സാരിവേഷധാരിയായിട്ടായിരുന്നു. വീരാംഗ കച്ച എന്നാണ് അത്തരം സാരികള്‍ അറിയപ്പെട്ടിരുന്നത്.

സാരിയുടെ ലോകം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. കാഞ്ചിപുരം, ബനാറസ് ബ്രോക്കേഡ്, കശ്മീര്‍ സില്‍ക്ക്, സര്‍ദോഷി, റോ സില്‍ക്ക് ബലുച്ചേരി, വല്‍ക്കലം, ഇറ്റാലിയന്‍ ക്രേപ്പ്, ജോര്‍ജറ്റ്, പൈത്താനീ, ഇക്കത്ത്, പോച്ചംപള്ളി എന്നു തുടങ്ങിയ നൂറിലധികം വ്യത്യസ്ത ഇനം സാരികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :