ഗദ്വാര്‍ സാരികള്‍

WEBDUNIA|

കിഴക്കന്‍ ഡക്കാണിന്‍റെ കരവിരുതും കൈത്തഴക്കവും ഇഴചേര്‍ത്ത് നെയ്തെടുത്തതാണ് ഗദ്വാര്‍ സാരികള്‍. കോട്ടണ്‍ സാരിയില്‍ സില്‍ക്ക് ബോര്‍ഡുകള്‍ തുന്നിച്ചേര്‍ത്താണ് ഗദ്വാര്‍ സാരികള്‍ നിര്‍മ്മിക്കുന്നത്. പരുത്തി നൂലുകള്‍ ഇഴപിരിച്ചു നെയ്യുന്ന കുപ്പാടം എന്ന നെയ്ത്തു സാരികളില്‍ കുമ്പം എന്നറിയപ്പെടുന്ന പട്ട് കസവ് ബോര്‍ഡുകള്‍ തുന്നിച്ചേര്‍ത്താണ് പാരമ്പര്യ ഗദ്വാര്‍ സാരികള്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ടു തന്നെ ഇവ കുപ്പാടം കുമ്പം എന്നീ പേരുകളിലും അറിയപ്പെടുന്നു.

ശുദ്ധമായ പരുത്തി നൂലാണ് പ്രധാന അസംസ്കൃത വസ്തു. സ്വാഭാവിക നിറത്തിലും, വര്‍ണ്ണങ്ങള്‍ ചേര്‍ത്ത് മോടി പിടിപ്പിച്ചും ഗദ്വാര്‍ സാരികള്‍ നിര്‍മ്മിക്കാറുണ്ട്. കാലാനുസൃതമായ മാറ്റങ്ങള്‍ ഗദ്വാള്‍ സാരിയെ മോടി പിടിപ്പിച്ചിട്ടുണ്ട്. പട്ടുനൂലുകള്‍ മാത്രമുപയോഗിച്ച് നെയ്യുന്ന ഗദ്വാര്‍ സാരിയും, പരുത്തി-പട്ടുനൂല്‍ എന്നിവ സമാസമം ചേരുന്ന ഗദ്വാള്‍ സാരിയുമെല്ലാം പുതുമയുടെ പുതുസ്പര്‍ശത്തിന് ഉദാഹരണങ്ങളാണ്.

ഗദ്വാര്‍ സാരിയുടെ പിറവിക്ക് പിന്നില്‍ രസകരമായ ഒരു സംഭവമുണ്ട്. ബനാറസ് സാരികളുടെ മാസ്മരിക ഭംഗിയില്‍ ആകൃഷ്ടനായ ഗദ്വാളിലെ നാട്ടുരാജാവ് കുറച്ച് നെയ്ത്തുകാരെ ബനാറസിലേയ്ക്ക് അയച്ചു. പക്ഷേ തിരിച്ചെത്തിയ നെയ്ത്തുകാര്‍ ബനാറസ് സാരിയില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരിനം സാരിയ്ക്ക് രുപം നല്‍കി - അതാണത്രേ ഗദ്വാള്‍ സാരികള്‍. ബനാറസിനോട് ഉള്ളതിനേക്കാള്‍ പ്രകടമായ ബന്ധം ഗദ്വാര്‍ സാരികള്‍ തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായി കാത്തു സൂക്ഷിക്കുന്നു. പല്ലവിനെ മോടിപിടിപ്പിക്കുന്ന കോരുവ ഡിസൈന്‍ തെക്കിന്‍റെ സംഭാവനയാണ്.

ഗദ്വാര്‍ സാരിയെ വിശേഷ വസ്ത്രമായാണ് ഡക്കാണിലെ സ്ത്രീകള്‍ കണക്കാക്കുന്നത്. കോട്ടണ്‍ ഗദ്വാള്‍ സാരികള്‍ 300/- മുതല്‍ 500/- രൂപവരെ വിപണിയില്‍ ലഭ്യമാണ്. പട്ട് നൂലില്‍ തീര്‍ക്കുന്ന ഗദ്വാള്‍ സാരിയ്ക്ക് 1000 /- മുതല്‍ 8000/- വരെയാണ് വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :