ചാമ്പ്യമാര്‍ക്ക് ഞെട്ടല്‍, തോല്‍‌വി

PTI
ചൊവ്വാഴ്ച പുലര്‍ച്ചെ ബേണില്‍ നടന്ന മത്സരം ലോക ചാമ്പ്യന്‍മാരെന്ന വിശേഷണം സ്വന്തമാക്കിയ ഇറ്റലിക്ക് താങ്ങാനാവാത്ത ആഘാതമായി. ഇറ്റലിയുടെ ഒരു പ്രാമുഖ്യവും അംഗീകരിക്കാത്ത രീതിയിലാണ് ഹോളണ്ടിന്‍റെ കുട്ടികള്‍ മൈതാനത്ത് പെരുമാറിയത്.

ഹോളണ്ടിന്‍റെ യുവ നിര ഇറ്റലിയുടെ മേല്‍ നടത്തിയ കടന്നുകയറ്റം ഏകപക്ഷീയമായ മൂന്നു ഗോളുകളുടെ വിജയത്തിലാണ് അവസാനിച്ചത്. മരണഗ്രൂ‍പ്പാ‍യ ‘സി’യില്‍ നടന്ന മത്സരത്തില്‍ റൂഡ്‌വാന്‍ നിസ്റ്റല്‍ റൂയ്. വെസ്ലി സ്നൈഡര്‍, ജിയോവാനി ബ്രോങ്കോസ്റ്റ് എന്നിവരാണ് ഇറ്റലിക്ക് മറുപടിയില്ലാത്ത ഗോളുകളുടെ കടം ബാക്കിനിര്‍ത്തിയത്.

ആദ്യപകുതി പാതി പിന്നിട്ടപ്പോഴേക്കും ഹോളണ്ടിന്‍റെ യുവാക്കള്‍ക്ക് ക്ഷമ നശിച്ചിരുന്നു. റാഫേള്‍ വാന്‍ഡര്‍വാര്‍ട്ട് ഗോള്‍ ലക്‍ഷ്യമിട്ട് നടത്തിയ ചാര്‍ജ്ജ് ഇറ്റാലിയന്‍ ഗോളി ജിഅയാന്‍ ലൂയിജി ബഫന്‍ തട്ടിയകറ്റി എങ്കിലും അപകടം അവസാനിച്ചില്ല. വെസ്ലി സ്നൈഡര്‍ പന്ത് ഗോള്‍ മുഖത്തേക്ക് പായിച്ചു, കാത്തു നിന്ന നിസ്റ്റല്‍ റൂയി അവസരം മുതലാക്കി ആദ്യഗോള്‍ നേടി. നിസ്റ്റല്‍ ഓഫ് സൈഡായിരുന്നിട്ടും റഫറി ഗോള്‍ അനുവദിച്ചത് ഇറ്റലിയുടെ ഭാഗ്യദോഷമെന്നേ കരുതാനാവൂ.

രണ്ടാംഗോള്‍ പിറന്നത് അതിമനോഹരമായിട്ടായിരുന്നു. ഇറ്റലിയില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് ഇയോവാനി ഇടതുമൂലയിലൂടെ മുന്നേറി വലത് മൂലയില്‍ വന്ന ഡിര്‍ക്ക് കുയ്റ്റിന് പാസ് നല്‍കി. പാസ് സ്വീകരിച്ച് കുയ്റ്റ് നല്‍കിയ ഹെഡര്‍ സ്നൈഡറിന്‍റെ കാലുകളില്‍ അഗ്നി പടര്‍ത്തി. നിന്നിടത്ത് നിന്ന് തിരിഞ്ഞ് ഗോള്‍വലചലിപ്പിച്ച സ്നൈഡറുടെ ഷോട്ട് യൂറോയില്‍ ഓര്‍ക്കപ്പെടും.

മൂന്നാം ഗോള്‍ വന്നവഴിയും ഇറ്റലിയെ നിരാശപ്പെടുത്തി. കുയ്റ്റ് എടുത്ത ഷോട്ട് ഇറ്റാലിയന്‍ കീപ്പര്‍ തട്ടിക്കളഞ്ഞു എങ്കിലും വീണ്ടും പന്ത് പിടിച്ചെടുത്ത കുയ്റ്റ് നല്‍കിയ ക്രോസ് ബ്രോങ്കോസ്റ്റ് ഹെഡറിലൂടെ ഗോളാക്കാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിച്ച ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ സംബ്രട്ടോയുടെ കാലില്‍ തട്ടിയാണ് അവസാനഗോള്‍ എഴുപത്തിയൊമ്പതാം മിനിറ്റില്‍ പിറന്നത്.

ബേണ്‍| PRATHAPA CHANDRAN|
രണ്ടാം പകുതിയില്‍ അക്സാന്‍ഡ്രോ ഡെല്‍ പിയറോയും അന്‍റോണിയോ കസാനോയും എത്തിയതോടെ ഇറ്റലി ശക്തമായ മുന്നേറ്റം നടത്താന്‍ ശ്രമിച്ചു എങ്കിലും ഹോളണ്ട് പ്രതിരോധം തകര്‍ക്കാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :