യൂറോപ്യന്‍ കപ്പ് ഫുട്ബോള്‍ ആദ്യ റൌണ്ടിലെ ഏറ്റവും മഹത്തായ പോരാട്ടങ്ങളില്‍ ഒന്നില്‍ ലോക ചാമ്പ്യന്‍മാരായ ഇറ്റലി കരുത്തരായ നെതര്‍ലന്‍ഡിനെ നേരിടും. മരണ ഗ്രൂപ്പായ ബി ഗൂപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഒരു വിജയം കൈപ്പിടിയിലാക്കി മേല്‍ക്കൈ നേടാനാകും ഇരു ടീമുകളുടെയും ശ്രമം.
പ്രമുഖരില്ലാതെ ആദ്യ മത്സരം കളിക്കേണ്ട വേദനയിലാണ് ഇരു ടീമുകളും. ഇറ്റലിക്ക് നായകന്‍ കന്നവാരോ ഇല്ലെങ്കില്‍ നെതര്‍ലന്‍ഡിന് മദ്ധ്യനിര താരം അര്‍ജന്‍ റോബന്‍ ഇല്ലാതെ കളിക്കേണ്ടിവരും. ക്രിസ്ത്യന്‍ പനൂച്ചി പരുക്കു മാറിയത് ഇറ്റലിയെ ആശ്വസിപ്പിക്കുന്നു. ഡച്ച് നിരയില്‍ റോബിന്‍ വാന്‍ പഴ്‌സിയും തിരിച്ചെത്തി.
ഇറ്റലിയും നെതര്‍ലന്‍ഡും തമ്മില്‍ ഇതിനു മുമ്പ് 15 തവണ ഏറ്റ് മുട്ടിയപ്പോള്‍ ഏഴ് തവണ ഇറ്റലി ജയിച്ചപ്പോള്‍ നെതര്‍ലന്‍റെ വിജയം രണ്ടില്‍ ഒതുങ്ങി. കഴിഞ്ഞ എട്ട് മത്സരങ്ങളായിട്ട് ഒന്നില്‍ പോലും ഡച്ച് ടീമിന് ഇറ്റലിയെ തോല്‍പ്പിക്കാനായിട്ടില്ല. പ്രതിരോധനിരയിലാണ് ഇറ്റാലിയന്‍ ടീമിന്‍റെ കരുത്തെങ്കില്‍ സമൃദ്ധമായ മദ്ധ്യനിരയാണ് ഡച്ച് നിരയുടെ കരുത്ത്. രണ്ട് ടീമുകളുടെയും മുന്നേറ്റനിര കൂടുതല്‍ കരുത്തുറ്റതാണ്.
ഇറ്റാലിയന്‍ ടീമിനെ സൂപ്പര്‍ താരം ലൂക്കാ ടോണി, ആന്ദ്രേ പിര്‍ലോ, സിമോണ്‍ പെറോട്ട എന്നിവര്‍ ചേര്‍ന്ന് നയിക്കുമ്പോള്‍ ഡച്ച് നിരയില്‍ വെസ്ലി സ്നീഡര്‍ റോബിന്‍ വാന്‍ പേഴ്‌സി റാഫേല്‍ വാണ്ടെര്‍വാട്ട് റയല്‍ താരം നീല്‍സ്റ്റര്‍ റൂയി എന്നിവര്‍ മികച്ച ഫോമിലാണ്. ആന്ദ്രേ പിര്‍ലോ, വാന്‍ പേഴ്‌സി, ലൂക്കാ ടോണി, നീല്‍സ്റ്റര്‍ റൂയി എന്നിവരെ ശ്രദ്ധിച്ചോളുക.