തീരദേശങ്ങള്‍ കയറിയിറങ്ങി പ്രഖ്യാപനങ്ങള്‍ നടത്തി ഇടതു-വലതു മുന്നണികള്‍ കബളിപ്പിക്കുകയാണെന്ന് ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികള്‍. ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടല്‍ഭിത്തി ഇല്ലാത്തിടത്ത് നിര്‍മിക്കാനോ ഉള്ളയിടങ്ങളില്‍ അറ്റകുറ്റ പണി നടത്താനോ സര്‍ക്കാ ര്‍ തയാറാകുന്നില്ല. സുനാമി താണ്ഡവമാടിയ പ്രദേശങ്ങളില്‍ പോലും കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മാറിമാറി ഭരിച്ച മുന്നണി സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.
മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഒന്നടങ്കം ഭരണക്കാര്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്ന സമുദായ നേതാവിനും ഇത്തരം വിഷയങ്ങളില്‍ പ്രതികരണമില്ല. സുനാമി ദുരന്തം ഏറ്റവും കൂടുതല്‍ നാശം വിതച്ച ആറാട്ടുപുഴ, വലിയഴീക്കല്‍, തൃക്കുന്നപ്പുഴ പ്രദേശങ്ങളില്‍ ഇപ്പോഴും പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പായിട്ടില്ല. ഏഴു പുലിമുട്ടുകള്‍ ഇവിടങ്ങളില്‍ നിര്‍മിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം മാത്രമാണ് നടന്നത്. നിര്‍മിച്ച പുലിമുട്ടുകളോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമാകാനും സാധ്യതയുണ്ട്.
അശാസ്ത്രീയമായ പുലിമുട്ട് നിര്‍മാണം മൂലം വട്ടച്ചാല്‍ പ്രദേശത്ത് കടലാക്രമണം പതിവായിരിക്കുകയാണ്. പുറക്കാട് തീരത്ത് കടല്‍ഭിത്തിയുണ്ടെങ്കിലും കടല്‍ഭിത്തിക്ക് പടിഞ്ഞാറ് ഭാഗത്തും നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്നത് പ്രശ്നം വഷളാക്കുന്നു. കടലാക്രമണത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ വീടുകള്‍ തകരുന്നതും തീരം കടലെടുക്കുന്നതും പതിവായിരിക്കുകയാണ്. മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിലും കടല്‍ഭിത്തിയില്ലാത്ത പ്രദേശങ്ങളില്‍ കെടുതി രൂക്ഷമാണ്.
മത്സ്യത്തൊഴിലാളികള്‍ വളരെക്കാലമായി ഉന്നയിക്കുന്ന മറ്റൊരു ആവശ്യമാണ് കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കണമെന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം അധികാരത്തിലിരുന്നപ്പോള്‍ നടപ്പാക്കാതിരുന്നവര്‍ ഇപ്പോള്‍ പ്രഖ്യാപനം നടത്തുന്നത് കേവലം വോട്ട് തട്ടുന്നതിന് വേണ്ടിയാണെന്ന് ധീവര സംരക്ഷണ സമിതി ക ണ്‍വീനര്‍ ടി.എസ്.ബാലകൃഷ്ണന്‍ പറഞ്ഞു. ധീവരരെ പട്ടികജാതിയില്‍പ്പെടുത്തണമെന്ന ആവശ്യത്തിന് തടസം നില്‍ക്കുന്നത് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയാണെന്നും ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു.
ധീവരസഭ സെക്രട്ടറി ദിനകരന്റെ താല്‍പര്യം പണവും സ്ഥാനമാനങ്ങളും നേടുകമാത്രമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന ദിനകരന്റെ ആവശ്യം ജനങ്ങള്‍ തള്ളിക്കളയണം. നൂറിലധികം കെപിസിസി ഭാരവാഹികളുള്ള കോണ്‍ഗ്രസില്‍ ഒരാള്‍ പോലും ധീവരനില്ലെന്നും ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.