മാറ്റത്തിന്‌ വോട്ട്‌ ചെയ്യാന്‍ കശുവണ്ടി തൊഴിലാളികള്‍

കൊല്ലം| WEBDUNIA|
PRO
PRO
പ്രതിസന്ധിയില്‍ നിന്ന്‌ പ്രതിസന്ധിയിലേക്ക്‌ കൂപ്പ്‌ കുത്തുന്ന കശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ ഒരു മാറ്റം അനിവാര്യമാണെന്ന തിരിച്ചറിവിലാണ്‌ ഇന്ന്‌ കശുവണ്ടി തൊഴിലാളികള്‍. അഴിമതിയും പിഎഫ്‌ വെട്ടിപ്പുമൊക്കെയായി വിജിലന്‍സ്‌ റെയ്ഡും നടപടികളും വാര്‍ത്തകളില്‍ നിറയുമ്പോഴാണ്‌ പലപ്പോഴും തൊഴിലാളികള്‍ അവര്‍ അഭിമുഖീകരിക്കുന്ന ഭീഷണിയെക്കുറിച്ച്‌ തിരിച്ചറിയുന്നത്‌. എന്നാല്‍ വീതംവെയ്പിന്റെ രാഷ്ട്രീയമാണ്‌ തൊഴിലാളിസംഘടനകള്‍ ഈ രംഗത്ത്‌ നടത്തുന്നതെന്ന്‌ ഇപ്പോള്‍ അവര്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.

ഒരുകാലത്ത്‌ കശുവണ്ടി വ്യവസായ മേഖലയില്‍ ഒന്നാമതെത്തിയിരുന്ന കൊല്ലം ജില്ലയെ ഇത്തരത്തില്‍പാടേ തകര്‍ത്തതില്‍ തൊഴിലാളികള ചൂഷണം ചെയ്ത സംഘടനാ നേതാക്കള്‍ക്കും പങ്കുണ്ട്‌. തൊഴില്‍ദിനങ്ങള്‍ കുറഞ്ഞത്‌ കശുവണ്ടിമേഖലയില്‍ കടുത്ത പ്രതിസന്ധിക്ക്‌ കാരണമായിട്ടുണ്ട്‌. അസംസ്കൃത കശുവണ്ടിയുടെ വില കുത്തനെ ഉയര്‍ന്നതോടെ കുടിവറുപ്പ്‌ മേഖലയും തകര്‍ന്നു. ഇതുമൂലം കശുവണ്ടിത്തൊഴിലാളികള്‍ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുകയാണ്‌.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അടഞ്ഞുകിടക്കുകയാണ്‌. സംസ്ഥാനതലത്തില്‍ അധികാരമുള്ള ഒരു പരിശോധകനുണ്ട്‌. ഇവരാകട്ടെ യാതൊരുവിധ പരിശോധനക്കും തയ്യാറല്ല. എന്‍ഫോഴ്സമെന്റ്‌ സ്ക്വാഡാകട്ടെ നിര്‍ജ്ജീവമായിട്ട്‌ വര്‍ഷങ്ങളായി. കൊല്ലം ജില്ലക്കാരനായ മന്ത്രി തൊഴില്‍ വകുപ്പിലിരുന്നിട്ടും സ്വകാര്യ മുതലാളിമാരുടെ ലോബിക്ക്‌ വഴങ്ങിയാണ്‌ വ്യക്തമായ നയം മേഖലയില്‍ കൊണ്ടുവരാത്തതെന്നും ആക്ഷേപമുണ്ട്‌. ലക്ഷക്കണക്കിന്‌ സ്ത്രീ തൊഴിലാളികള്‍ പണിയെടുക്കുന്ന കശുവണ്ടി മേഖലയെ രക്ഷിക്കാന്‍ മാറ്റത്തിന്‌ വോട്ട്‌ ചെയ്യാന്‍ തയ്യാറെടുക്കുകയാണ്‌ കശുവണ്ടിത്തൊഴിലാളികള്‍.

കുടിവറുപ്പ്‌ ഗ്രാമപ്രദേശങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ വര്‍ധിക്കുകയാണ്‌. കൂടുതല്‍ പ്രയാസപ്പെടാതെ പരിപ്പ്‌ തിരികെ ലഭിക്കുമെന്നതിനാല്‍ ഫാക്ടറി ഉടമകള്‍ക്കും താല്‍പ്പര്യം ഇതിനോടാണ്‌. എന്നാല്‍ തൊഴിലാളികള്‍ക്ക്‌ യാതൊരു ആനൂകൂല്യവും നല്‍കാതെയും സര്‍ക്കാരിന്റെ യാതൊരുവിധ അംഗീകാരവുമില്ലാതെയുമാണിവ പ്രവര്‍ത്തിക്കുന്നത്‌. വീട്ടിനടുത്ത്‌ തന്നെ ജോലി ചെയ്യാമെന്നുള്ളതിനാല്‍ ഒരുവിഭാഗം തൊഴിലാളികള്‍ക്ക്‌ പ്രിയവും കുടിവറുപ്പിനോടാണ്‌. എന്നാല്‍ കശുവണ്ടി തൊഴില്‍ മേഖലയില്‍ വേണ്ടത്ര പരിശോധന നടത്തേണ്ട കാഷ്യൂ സ്പെഷ്യല്‍ ഓഫീസര്‍ സ്വകാര്യ മുതലാളിമാരുടെ പണവും കൈപ്പറ്റി നിയമ ലംഘനത്തിന്‌ കൂട്ടു നില്‍ക്കുകയാണെന്നാണ്‌ ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :