“വോട്ട് തരാം; കുരങ്ങന്‍‌മാരെ പിടിച്ചുകെട്ടണം”

ഷിം‌ല| WEBDUNIA|
ഹിമാചല്‍ പ്രദേശിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം കുരങ്ങന്‍‌മാരാണ്. കുരങ്ങന്‍മാരുടെ ശല്യം ഇവിടെ ചെറുതൊന്നുമല്ല. ഷിം‌ലയിലെ മുഖ്യ സാമ്പത്തിക വരുമാനമായ കൃഷിയൊക്കെ ഈ കുസൃതിക്കുട്ടന്‍‌മാര്‍ ഇടിച്ചു നിരത്തുകയാണ്. ഇതിനാല്‍ തന്നെ ആര് വോട്ട് ചോദിക്കാന്‍ വന്നാലും ഇവര്‍ക്ക് പറയാനുള്ളത് ഒന്ന് മാത്രം, ‘വോട്ട് തരാം, പകരം കുരങ്ങന്‍‌മാരുടെ ശല്യം ഒഴിവാക്കി തരണം’.

കേള്‍ക്കുന്നവര്‍ക്ക് വിഷയം ചെറുതായി തോന്നാമെങ്കിലും പ്രശ്നം സങ്കീര്‍ണമാണ്. ഇവിടത്തെ സര്‍ക്കാര്‍ കരുതിയാല്‍ പോലും കുരങ്ങന്‍‌മാരെ പിടിച്ചുകെട്ടാനാവില്ലത്രെ.

എല്ലാ തെരഞ്ഞെടുപ്പ് വരുമ്പോഴും ഇവിടത്തുകാര്‍ പറയുന്നത് ഇതു തന്നെയാണ്. പക്ഷേ, എല്ലാവരും ഇക്കാര്യത്തില്‍ പിന്നോട്ടാണെന്ന് കര്‍ഷകരും പരാതിപ്പെടുന്നു. വേറെ എന്ത് ചോദിച്ചാലും തരാം, കുരങ്ങന്‍‌മാരെ തുരത്തുന്ന കാര്യം മാത്രം പറയരുതെന്നാണ് അധികൃതര്‍ പോലും പറയുന്നത്. ഇവരുടെ ആക്രമണം സഹിച്ച് കൃഷി ചെയ്യാന്‍ കഴിയില്ലെന്നും, കൃഷിയിറക്കിയാല്‍ തന്നെ വന്‍ നഷ്ടവുമായിരിക്കുമെന്നാണ് പ്രദേശത്തെ കര്‍ഷകനായ തുലാ റാം നെഗി പറയുന്നത്.

പുലര്‍ക്കാലം മുതല്‍ പ്രദോഷം വരെ ഇവരുടെ ആക്രമണം തുടരുന്നു. കുട്ടികളും സ്ത്രീകളും കൃഷിയിടത്തിന് കാവല്‍‌നില്‍ക്കുകയാണ്. എന്നാല്‍ പോലും ഇതിനിടയ്ക്ക് കുരങ്ങന്‍‌മാര്‍ കൃഷിയിടം ആക്രമിച്ചിരിക്കും. ഇതും പോരാഞ്ഞിട്ട് ചിലപ്പോള്‍ കാവല്‍ നില്‍ക്കുന്ന കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുമത്രേ.

നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോഴൊക്കെ പ്രധാന വിഷയം കുരങ്ങന്‍‌മാരായിരിക്കും. എല്ലാവരും വാഗ്ദാനം നല്‍കുകയല്ലാതെ, കുരങ്ങന്‍‌മാരെ കൊന്നൊടുക്കാന്‍ ആരും മുന്നോട്ട് വരാറില്ല എന്നതാണ് വസ്തുത.

ഷിം‌ല, സോളന്‍, സിര്‍മൌര്‍, ബിലാസ്പൂര്‍, ഹാമിര്‍പൂര്‍, ഉന, മന്ദി കങ്കര തുടങ്ങീ പ്രദേശങ്ങളിലായി ആയിരക്കണക്കിന് കര്‍ഷകര്‍ താമസിക്കുന്നുണ്ട്. കുരങ്ങന്‍‌മാരോ, മുപ്പതിനായിരത്തിന് മുകളിലും. ധാന്യങ്ങളും പഴങ്ങളുമാണ് ഇവിടത്തെ പ്രധാന കൃഷികള്‍.

മതവുമായി ബന്ധപ്പെട്ടുള്ള മൃഗങ്ങളായതിനാല്‍ കൊന്നൊടുക്കാന്‍ കഴിയില്ലെന്ന റിപ്പോര്‍ട്ടുമുണ്ട്. ഈ വാദം പറഞ്ഞാണ് പലരും കുരങ്ങന്‍‌ തുരത്തലില്‍ നിന്ന് പിന്തിരിയുന്നത്. അതേസമയം, വന്യമൃഗങ്ങളെ കയറ്റിയയയ്ക്കല്‍ 1978ല്‍ പുറത്തുവന്ന നിയമപ്രകാരം രാജ്യത്ത് നിരോധിച്ചതിനാല്‍ ആ വഴിയും അടഞ്ഞിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :