കോടിപതികളാണെങ്കിലും കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിക്കും മകനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ ഗാന്ധിയ്ക്കും സ്വന്തമായി ഒരു വാഹനം പോലുമില്ല.കഴിഞ്ഞ ദിവസം നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവേളയിലാണ് ഇരുവരും പാര്‍ട്ടിയുടെ ചില സ്ഥാനാര്‍ത്ഥികളെക്കാള്‍ ദരിദ്രരാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത്.
റായ്‌ബറേലിയില്‍ നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലം അനുസരിച്ച് സോണിയുടെ ആസ്തി 1.38 കോടി രൂപയാണ്. സ്വന്തമായി വാഹനമോ ഇന്ത്യയില്‍ വീടോ സോണിയയ്ക്ക് ഇല്ല.മകന്‍ രാഹുല്‍ സ്വത്തിന്‍റെ കാര്യത്തില്‍ അമ്മയേക്കാള്‍ മുന്നിലാണെങ്കിലും ഇതുവരെ ഒരു കാര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. 2.25 കോടി രൂപയാണ് രാഹുലിന്‍റെ മൊത്തം ആസ്തിയെന്ന് അമേഠിയില്‍ നാമ നിര്‍ദ്ദേശ പത്രികയ്ക്കൊപ്പം രാഹുല്‍ സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നു.
ഡല്‍ഹിയിലെ എസ്ബിഐയില്‍ 7,000 രൂപയും എന്‍ഡിഎഫ്‌സിയില്‍ 7,42,966 രൂപയും എച്ഡിഎഫ്‌സിയില്‍ 3,41,892 രൂപയുമാണ് നിക്ഷേപം. രാഹുലിന്‍റെ പോസ്റ്റല്‍ നിക്ഷേപവും എല്‍ഐസി നിക്ഷേപവും കൂടി 10,29,128 രൂപവരും. മൊത്തം 1,50,000 രൂപ വില വരുന്ന 333 ഗ്രാം സ്വര്‍ണാഭരണവും മെഹ്‌റോളി, ഡല്‍ഹി, ഫരീദബാദ് എന്നിവിടങ്ങളില്‍ കൃഷി സ്ഥലങ്ങളും ഡല്‍ഹിയില്‍ രണ്ട് കടകളും രാഹുലിനുണ്ട്.
ഇറ്റലിയില്‍ സോണിയയ്ക്ക് ലഭിച്ച കുടുംബ വീടിന് 18.05 ലക്ഷം രൂപയാണ് വിലയായി കണക്കാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ പക്കല്‍ 75,000 രൂപയാണ് പണമായുള്ളത്. യൂക്കോ ബാങ്കില്‍ 28.61 ലക്ഷം നിക്ഷേപമായുണ്ട്.
20 ലക്ഷം മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. ആര്‍ബിഐ ബോണ്ടുകളാവട്ടെ 12 ലക്ഷത്തിന്‍റേതാണ്. ഇതിനൊക്കെ പുറമെ, മാരുതി ടെക്നിക്കല്‍ സര്‍വീസസിന്‍റെ 10 ഓഹരികളും വെസ്റ്റേണ്‍ ഇന്ത്യ ടാനിയേഴ്സിന്‍റെ 500 ഓഹരികളും ഉണ്ടെന്ന് സോണിയ തിങ്കളാഴ്ച സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നു.
പോസ്റ്റ് ഓഫീസ് നിക്ഷേപമായി 1.99 ലക്ഷവും പിപിഎഫില്‍ 24.88 ലക്ഷവും നിക്ഷേപവും സോണിയയ്ക്ക് ഉണ്ട്. കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് 11.08 ലക്ഷം രൂപയുടെ ആഭരണങ്ങളും 88 കിലോ ഗ്രാം വെള്ളിയും സ്വന്തമായുണ്ട്.
സ്വന്തമായി 2.19 ലക്ഷം രൂപയുടെ കൃഷി ഭൂമിയുള്ള സോണിയ 2008-09ല്‍ 5.58 ലക്ഷം രൂപ വരുമാന നികുതിയായും 32,512 രൂപ സ്വത്ത് നികുതിയായും നല്‍കിയിട്ടുണ്ട്.