WEBDUNIA|
Last Modified വ്യാഴം, 9 ഏപ്രില്‍ 2009 (15:15 IST)
തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ബി ജെ പിയിലെ തര്‍ക്കങ്ങള്‍ അവസാനിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെത്തന്നെ പോരാട്ടത്തിനിറക്കുന്നതിലൂടെ കേരളത്തില്‍ അക്കൌണ്ട് തുറക്കുകയെന്നതു തന്നെയാണ് ദേശീയനേതൃത്വം ലക്‍ഷ്യമിടുന്നത്. ഒ രാജഗോപാല്‍ രണ്ടുലക്ഷത്തിലധികം വോട്ട് നേടി ചരിത്രം സൃഷ്ടിച്ച മണ്ഡലമാണ് തിരുവനന്തപുരം. എന്നാല്‍ സി കെ പത്മനാഭന് കെട്ടിവച്ച പണം നഷ്ടമായ നാണക്കേടും തിരുവനന്തപുരമാണ് സമ്മാനിച്ചത്. വോട്ട് മറിച്ചുകൊടുത്തുവെന്ന പേരുദോഷം വേറെയും.
എന്തായാലും പി കെ കൃഷ്ണദാസിന്‍റെ സ്ഥാനാര്‍ത്ഥിത്വം തിരുവനന്തപുരത്ത് ഒരു തിരിച്ചുവരവിനിടയാക്കുമെന്ന് ബി ജെ പി പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ഒ രാജഗോപാല്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കൃഷ്ണദാസിന് പടക്കളത്തിലിറങ്ങേണ്ടി വരുന്നത്.
അനാരോഗ്യം കാരണവും, ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കുന്നതിനുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രാജഗോപാല്‍ തെരഞ്ഞെടുപ്പു സമിതി യോഗത്തില്‍ അറിയിച്ചിരുന്നു.
തനിയ്ക്ക് പകരം മലപ്പുറത്തുനിന്നുളള മഹിളാ മോര്‍ച്ചാ നേതാവ് ശോഭാ സുരേന്ദ്രനെ തിരുവനന്തപുരത്ത് പരിഗണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടി അംഗീകരിച്ചില്ല. തുടര്‍ന്നാണ് പി കെ കൃഷ്ണദാസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.
ബാക്കിയുള്ള അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ധാരണയായി. കരുണാകരന്‍ മാസ്റ്റര്‍(കണ്ണൂര്‍), രമാ രഘുനന്ദന്‍(തൃശൂര്‍), അരവിന്ദന്‍(മലപ്പുറം), സോണി ജെ കല്യാണ്‍(ആലപ്പുഴ), അഡ്വ. നാരായണന്‍ നമ്പൂതിരി(കോട്ടയം) എന്നിവരാണ് മത്സരിക്കുക.