പി ഡി പിയുമായി വേദി പങ്കിടില്ല: ചന്ദ്രചൂഢന്‍

WEBDUNIA| Last Modified വ്യാഴം, 9 ഏപ്രില്‍ 2009 (15:18 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സാമാന്യം ഭേദപ്പെട്ട വിജയം നേടുമെന്ന് ആര്‍ എസ് പി ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍. തിരുവനന്തപുരത്ത് കേസരി സ്മാരക ഹാളില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി ഡി പിയുമായി വേദികള്‍ പങ്കിടാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ചിലയിടങ്ങളില്‍ അത് സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. പി ഡി പിയുമായുള്ള പ്രശ്നങ്ങളൊക്കെ ഒത്തുതീര്‍പ്പിലെത്തിയ കാര്യമാണ്. ആര്‍ എസ് പി നേതൃത്വത്തിനെതിരായ വിമര്‍ശനം തെറ്റായി പോയെന്ന് പറഞ്ഞ് പി ഡി പി ക്ഷമ ചോദിച്ചു. അതോടെ ആ വിഷയം അവസാനിച്ചു. വ്യക്തിപരമായി മദനിയുമായി പ്രശ്നങ്ങളൊന്നുമില്ല. അദ്ദേഹത്തിന്‍റെ കുടുംബവുമായും പിതാവുമായുമൊക്കെ നല്ല ബന്ധമാണുള്ളത് - ചന്ദ്രചൂഢന്‍ വ്യക്തമാക്കി.

കൊല്ലം സീറ്റ് ലഭിച്ചില്ലെങ്കില്‍ മന്ത്രിയെ പിന്‍‌വലിക്കുമെന്ന് പ്രഖ്യാപിക്കുകയും പിന്നീട് ആ തീരുമാനത്തിന്‍ നിന്ന് പിന്നാക്കം പോകുകയും ചെയ്തത് ഏറ്റവും വലിയ പാളിച്ചയാണെന്ന് ചന്ദ്രചൂഢന്‍ പറഞ്ഞു. അത് ഏറ്റവും വലിയ അമളിയാണ്. മന്ത്രിയെ പിന്‍‌വലിക്കും എന്ന് പരസ്യമായി പ്രഖ്യാപിക്കേണ്ട കാര്യമില്ലായിരുന്നു. അങ്ങനെ പ്രഖ്യാപിച്ചാല്‍ അതില്‍ ഉറച്ചു നില്‍ക്കണം. അതിന് കഴിഞ്ഞില്ല. ഇങ്ങനെയൊരു പ്രതിസന്ധിഘട്ടത്തില്‍ തക്കസമയത്ത് ഇടപെടാന്‍ കഴിഞ്ഞില്ല എന്നത് എനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ സംഭവമാണ് - ചന്ദ്രചൂഢന്‍ പറഞ്ഞു.

രാജ്യസഭാ സീറ്റ് എന്തുകൊണ്ടാണ് വേണ്ടെന്നു വച്ചതെന്ന ചോദ്യത്തിന് ‘വേണ്ടെന്നു പറഞ്ഞിട്ടില്ല. ചോദിച്ചില്ല, അത്ര തന്നെ’ എന്ന് ചന്ദ്രചൂഢന്‍ പ്രതികരിച്ചു. അതേക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയുന്നത് തന്‍റെ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് പി സംസ്ഥാനകമ്മിറ്റിയുമായി ദേശീയ കമ്മിറ്റിക്ക് പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയതലത്തില്‍ മൂന്നാം മുന്നണിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. മൂന്നാം മുന്നണി എന്ന സങ്കല്‍‌പ്പത്തോട് ആദ്യം കോണ്‍ഗ്രസിന് പരിഹാസമായിരുന്നു. ചെറുപാര്‍ട്ടികളെല്ലാം ചേര്‍ന്ന് ഇപ്പോള്‍ ഒരു വന്‍ ശക്തിയായി മാറിയതോടെ അതില്‍ മാറ്റം വന്നു. യു പി എയുടെയും എന്‍ ഡി എയുടെയും താളം തെറ്റിയ സാഹചര്യത്തില്‍ മൂന്നാം മുന്നണി അധികാരത്തില്‍ വരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :