WEBDUNIA|
Last Modified വ്യാഴം, 9 ഏപ്രില്‍ 2009 (15:22 IST)
ഒറീസ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുണ്ട്. നിലവിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം മുതലാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബി ജെ പിക്കേറ്റ തിരിച്ചടിയാണ് കോണ്‍ഗ്രസിന് പുതിയ ഉണര്‍വ് സമ്മാനിച്ചത്. പതിനൊന്ന് വര്‍ഷമായി ബിജു ജനതാദളും ബി ജെ പിയും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയസഖ്യമാണ് തകര്‍ന്നടിഞ്ഞത്. സീറ്റ് പങ്കിടല്‍ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സഖ്യം പിരിയലില്‍ കലാശിച്ചത്. ഇതിനു പുറമെ ന്യൂനപക്ഷത്തിനെതിരെയുള്ള ആക്രമണങ്ങളും തെരഞ്ഞെടുപ്പ് വിഷയമാകും. കോണ്‍ഗ്രസിന് ആവേശം പകരാന്‍ കേന്ദ്രമന്ത്രി ബെര്‍ഹംപൂരും രംഗത്തുണ്ട്.
നിലവില്‍ മത്സരിപ്പിക്കുന്ന എല്ലാ സീറ്റിലും വിജയപ്രതീക്ഷയുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ഒറീസയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടന്ന അക്രമ പരമ്പരകള്‍ ബി ജെ പിക്കും ബി ജെ ഡിക്കും തിരിച്ചടിയാകുമെന്നാണ് അവര്‍ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമെന്ന ഭീതിയാണ് ബി ജെ പിയെ വിട്ടുപിരിയാന്‍ ബിജെഡി തീരുമാനിച്ചതിന് കാരണമെന്നും കോണ്‍ഗ്രസ് പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 63 മണ്ഡലങ്ങളിലും ലോക്സഭയിലേക്ക് ഒമ്പത് മണ്ഡലങ്ങളിലും മത്സരിച്ച ബി ജെ പിക്ക് ഇത്തവണ കനത്ത തിരിച്ചടിയേല്‍ക്കുമെന്ന് സഖ്യകക്ഷികള്‍ പോലും അഭിപ്രായപ്പെടുന്നു.
സാംസ്കാരത്തിന്‍റെ തനിമയാല്‍ ഖ്യാതികേട്ട സംസ്ഥാനമാണ് ഒറീസ. അവിടത്തെ ആരാധനാലയങ്ങള്‍ മാത്രമല്ല, ഒഡീസി നൃത്തവും ഒറിയന്‍ സംഗീതവും സാഹിത്യവും വിഖ്യാതമാണ്. കാശി കഴിഞ്ഞാല്‍ ഹിന്ദു വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടനം നടത്തുന്ന പുരി ജഗന്നാഥക്ഷേത്രവും സൂര്യക്ഷേത്രവും ലോകപ്രശസ്തങ്ങളാണ്. എങ്കിലും ആദിവാസികളും കര്‍ഷകരുമടക്കം സാധാരണ ജനങ്ങളുടെ ജീവിതം ഏറ്റവും ദുരിതപൂര്‍ണ്ണമായ സംസ്ഥാനമാണ് ഒറീസ. സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ രാജ്യത്തെ ഏറ്റവും മോശപ്പെട്ട നിലവാരത്തിലുമാണ് ഇവിടം.
കര്‍ണാടകയില്‍ ഭരണം തിരിച്ചു പിടിച്ചതു മാതൃകയാക്കി ബി ജെ ഡിക്കും മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനും നേരെ വിരല്‍ചൂണ്ടി ഒറീസയിലും സഹതാപ തരംഗത്തിന്‍റെ രാഷ്ട്രീയ നേട്ടം കൊയ്യാനാവും ബി ജെ പി ശ്രമിക്കുക. വിട്ടുവീഴ്ചകള്‍ക്കു തയാറായിരുന്നിട്ടും ബി ജെ ഡി ഏകപക്ഷീയമായി സഖ്യം പിരിയുകയായിരുന്നു എന്നാണ് ബി ജെ പി പ്രചാരണം നടത്തുന്നത്. ദുരന്തങ്ങളും പട്ടിണിയും നിലനിന്ന സംസ്ഥാനത്തിന് വികസനത്തിന്‍റെ പുതിയ മുഖം സമ്മാനിച്ചത് വാജ്പേയി സര്‍ക്കാരാണെന്നും ബിജെപി പ്രചരണം നടത്തുന്നുണ്ട്.
ബി ജെ ഡിയും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറായി കഴിഞ്ഞു. സി പി എമ്മുമായുള്ള പുതിയ സഖ്യത്തിലൂടെ ലഭിച്ച മതേതര പ്രതിച്ഛായ വോട്ടാക്കിമാറ്റാനാണ് ബി ജെ ഡി ശ്രമം.