ദീപാവലി - മനസില്‍ വിജയത്തിന്‍റെയും പ്രതീക്ഷയുടെയും ദീപങ്ങള്‍ തെളിയുന്ന ദിവസം

മനു നെല്ലിക്കല്‍| Last Updated: വെള്ളി, 6 നവം‌ബര്‍ 2020 (19:41 IST)
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. സൂര്യന്‍ തുലാരാശിയില്‍ കടക്കുന്ന വേളയില്‍ കൃഷ്ണ പക്ഷത്തിലെ പ്രദോഷത്തില്‍ ആണ് ദീപാവലി ആഘോഷിക്കുന്നത്. കാശി പഞ്ചാംഗ പ്രകാരം ദീപാവലി ആഘോഷിക്കുന്നത് കാര്‍ത്തിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അമാവാസിയിലാണ്. ലക്ഷ്മീ പൂജയും ഈ ദിനത്തിലാണ്.

രണ്ട് ദിവസം അമാവാസി ഉണ്ടെങ്കില്‍ ദീപാവലി രണ്ടാമത്തെ ദിവസമായിരിക്കും ആഘോഷിക്കുക. മറ്റ് ചില പഞ്ചാംഗങ്ങള്‍ അനുസരിച്ച് കൃഷ്ണ പക്ഷ അമാവാസി ദിവസമാണ് ദീപാവലി കൊണ്ടാടുന്നത്. സൂര്യന്‍ തുലാരാ‍ശിയിലെത്തുമ്പോള്‍ വിളക്കുകള്‍ തെളിക്കുന്നത് ശ്രേഷ്ഠമാണെന്ന് പുരാണങ്ങളില്‍ പറയുന്നു.

ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും എല്ലായിടത്തും പതിവാണ്. അതിനൊരു മാറ്റവുമില്ല. ദീപാവലിയുടെ ഐതീഹ്യത്തിന് പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.

തിന്മയ്ക്ക് മേൽ നന്മയുടെ വിജയദിവസം ആഘോഷിക്കാതിരിക്കാൻ ഇന്ത്യയിലെ ജനങ്ങൾക്കാകില്ല. ദക്ഷിണേന്ത്യയിൽ ദീപാവലി ആഘോഷിക്കാത്തവരും ഉണ്ട്. മലയാളികളുടെ ഉത്സവം അന്നും ഇന്നും ഓണം ആയതുകൊണ്ടാണോ എന്തോ, ദീപാവലിക്ക് വേണ്ടത്ര പ്രാധാന്യം കേരളത്തിൽ ഇല്ല എന്ന് വേണം കരുതാൻ.

ദീപാവലി സ്വീറ്റ്സ്, പടക്കം പൊട്ടിക്കൽ, പ്രത്യേക ഭക്ഷണങ്ങൾ ഉണ്ടാക്കൽ ഇതെല്ലാം കേരളത്തിനേക്കാൾ തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകയിലും ആണെന്നത് വസ്തുത. കേരളത്തിൽ തീർത്തും ഇല്ലെന്നല്ല, ഓണം പോലെ പ്രധാനപ്പെട്ട ഒരു ആഘോഷമായി കാണുന്നില്ലെന്നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :