ദീപങ്ങളുടെയും മധുരങ്ങളുടെയും ഉത്സവമാണ് ദീപാവലി. ഇന്ത്യയിലെങ്ങും ഇത് ആഘോഷപൂര്‍വം കൊണ്ടാടുന്നു. അശ്വിന-കാര്‍ത്തിക മാസങ്ങളില്‍ ചതുര്‍ദ്ദശി തിഥിയും, ചിത്തിര നക്ഷത്രവും ഒന്നിച്ചുവരുന്ന ദിവസമാണ് ദീപാവലിയായി ആഘോഷിക്കാറ്.
ദീപങ്ങള്‍, നിറഭേദങ്ങള്‍ വിതറുന്ന പടക്കങ്ങള്‍, രുചിഭേദങ്ങള്‍ നിറഞ്ഞ മധുരപലഹാരങ്ങള്‍ എന്നിവ ദീപാവലിയുടെ സവിശേഷതയാണ്. ചിലയിടങ്ങളില്‍ കച്ചവടക്കാര്‍ കടങ്ങളെല്ലാം തീര്‍ത്ത് പുതിയ അക്കൗണ്ട് തുടങ്ങുന്നത് ദീപാവലിക്കാണ്.
ജൈനരുടെ പരമാചാര്യനായ മഹാവീരന്‍ പരമപദം പ്രാപിച്ചത് ഈ ദിവസമാണ്. അതുകൊണ്ട് ഹൈന്ദവോത്സവമായ ദീപാവലി ജൈനമതക്കാര്‍ക്കും പുണ്യദിവസമാണ്.
മഹാവീരന്‍ കാലഗതി പ്രാപിച്ചത് ക്രിസ്തുവിന് മുന്‍പ് അഞ്ഞൂറ്റി ഇരുപത്തിയെട്ടാം ആണ്ടിലാണ്. ആ നിലയ്ക്ക് ദീപാവലി ആഘോഷത്തിന് 2500 ഓളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതാവുന്നതാണ്.
മഹാവീരനെന്ന ജ്ഞാന ദീപം പൊലിഞ്ഞുപോയതിന്‍റെ സ്മരണയ്ക്കായി ആയിരക്കണക്കിന് ദീപങ്ങള്‍ കൊളുത്തി ഭക്തരും നാട്ടുകാരും തുടങ്ങിവച്ചതാണ് ദീപാവലി എന്നാണൊരു ഐതിഹ്യം.