ശക്തിസ്വരൂപിണിയോട്
കവിത വേണു നമ്പ്യാര്‍
|
സാന്ത്വനമായ്, ഇരുട്ടിലതിന്‍െയുള്ളു
തുരന്നെടുക്കും വജ്രപ്രകാശപുഞ്ജമായ്,
മൊഴിയിലേറുംമധുരമായി,
മിഴിയിലാറാത്ത നനവുമായി,
വനവഴിയില്‍ തൃക്കണ്ണിന്‍കടമുനത്തുണയായി,
വീണു കിട്ടും ചെറിയ
കാരുണ്യങ്ങളില്‍ കൃതാര്‍ത്ഥമായ്,
രതിയില്‍ പുരുഷാര്‍ത്ഥമായ്,
മൃതിയില്‍ ശമമായ് ശാന്തിയായ്,
ശക്തിസ്വരൂപിണി ശാരികേ
കുളുര്‍മ്മ ചൊരിയുക
നീ മേല്‍ക്കുമേലല്‍
മണിവളയിട്ട കരങ്ങളില്‍
താങ്ങുമൊ നീയൊരു നിമിഷം
കാലത്തിന്‍ കരാളവിഷവു
മെനിക്കമൃതമാം.
പൂപ്പല്‍ പറ്റിപ്പിടിച്ചതാമീ നാക്കില്‍
കുത്തിക്കുറിക്കുമൊ പ്രണവവൈഖരി,
ഗോമുഖപ്രസാദമായ് തൂവിത്തുളുമ്പി
യനര്‍ഗ്ഗളമൊഴുകും
ജാഹ്നവിസന്നിഭം തേടുമെന്‍
പ്രണയകവിത സാഗരം.
|
മേഘത്തില്‍ കാണുന്നു
നിന്‍ ചികുരഭാരത്തെ
പനിനീരലരില്‍ വദനശോഭയെ
നിന്‍ ഝണത്ക്കാരത്തെ കേള്‍ക്കുന്നു
വെള്ളിടിവെട്ടില്‍
കാണുമാറാകുന്നുഡുക്കളില്‍
മണ്‍ചിരാതുകളില്‍
നിന്‍ചാരുമന്ദഹാസദ്യുതി