കാലുകളുടെ ചലനങ്ങളാണ് കഥകില്‍ ഏറെ പ്രധാനം. വാദ്യോപകരണങ്ങള്‍ക്ക് ഒപ്പം ഗുജല്‍ബന്ധി ഒരുക്കുന്ന നൃത്തച്ചുവടുകളും കഥകില്‍ ഉണ്ട്. സംഗീതത്തിന്‍റെ കാലത്തിന് അനുസരിച്ച് മുറുകുകയും അയയുകയും ചെയ്യുന്ന ചുവടുകളാണ് ഇവിടെ നര്‍ത്തകന്‍ ആവിഷ്‌കരിക്കുന്നത്.
അമ്പാടിയില്‍ ശ്രീകൃഷ്‌ണന്‍ വെണ്ണ കട്ടു തിന്നുന്നതടക്കമുള്ള കഥാസന്ദര്‍ഭങ്ങളും രാജേന്ദ്ര ഗംഗാനി കഥക് രൂപത്തിള്‍ ഭാവരസ പ്രദാനമായി അവതരിപ്പിച്ചു. കഥക് നൃത്ത ആസ്വാദനം പൂര്‍ണ്ണമാകാന്‍ രാജേന്ദ്ര ഗംഗാനി പകര്‍ന്നു നല്‍കിയ അറിവ് ഉപകരിച്ചു.
ജയ്‌പൂര്‍ ഖരാന, ലക്‌നൗ ഖരാന, ബനാറസ് ഖരാന തുടങ്ങിയ നൃത്ത സമ്പ്രദായങ്ങളാണ് ആധുനിക കഥകില്‍ പ്രധാനമായും പ്രചാരത്തിലുള്ളത്. ഇതില്‍ ആദ്യ രണ്ടു വിഭാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ നൃത്ത ഇനങ്ങളാണ് സൂര്യവേദിയില്‍ അവതരിപ്പിക്കപ്പെട്ടത്.
ഗണേശ സ്‌തുതിയോടെയാണ് നൃത്ത സന്ധ്യക്ക് നാന്ദികുറിച്ചത്. ശാസ്‌ത്രീയവും ആധുനികവുമായ കഥക്‌നൃത്തരൂപങ്ങള്‍ പരസ്‌പരം കോര്‍ത്തിണക്കിയാണ് ന്യൂഡല്‍ഹി കഥക് കേന്ദ്ര അവതരിപ്പിച്ചത്.
പതിനാറാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ സ്വാധീനത്തോടെ മുഗള്‍ രാജകൊട്ടാരങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരുന്ന കഥകിന്‍റെ വകഭേദമായിരുന്നു ‘ഷാഫി മെഹ്‌ഫല്’. അനുവാചകരില്‍ പ്രണയാതുര ഭാവം നിറയ്‌ക്കുന്ന ഈ നൃത്തം ചിട്ടപ്പെടുത്തിയത് ജയ്‌കൃഷ്‌ണ മഹാരാജ് ആയിരുന്നു.
രാധയും കൃഷ്‌ണനും തമ്മിലുള്ള പ്രണയം ഏറെ വാഴ്‌ത്തപ്പെട്ടിട്ടുള്ളതിനാല്‍, കൃഷ്‌ണന് തന്‍റെ മുരളികയോടുള്ള അസാധാരണ പ്രണയമാണ് കഥക് രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടത്.
WEBDUNIA|
എന്നും കണ്ണന്‍റെ ചുണ്ടോട് ചേര്‍ന്നിരിക്കാന്‍ അനുവാദം ലഭിച്ച മുരളികയുടെ നിര്‍വൃതി അനുവാചകരിലേക്ക് പടര്‍ത്തിയാണ് കഥക് നൃത്ത സന്ധ്യക്ക് വിരാമമായത്.