കൊട്ടി ഉറയിക്കല്‍ എന്ന ചടങ്ങോടെയാണ് നൃത്തം തുടങ്ങുക. ഇത് നര്‍ത്തകരിലേക്ക് ദൈവീക ശക്തി ആവാഹിക്കുന്ന ചടങ്ങാണ്. പ്രതിഷ്ഠയുടെ മാതൃകയുള്ള തിടമ്പുമായി നര്‍ത്തകന്‍ ശ്രീകോവിലില്‍ നിന്ന് പുറത്തേക്ക് വന്നാലുടന്‍ മാരാര്‍ ഒരു പ്രത്യേക രീതിയിലുള്ള ചെണ്ട മേളം ആരംഭിക്കുന്നു. തിടമ്പ് ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ദേവതയുടെ പ്രതിരൂപമാണ്.
ഉഷ്ണിപീഠം എന്ന തലക്കെട്ടിനു മുകളിലാണ് തിടമ്പ് കയറ്റിവയ്ക്കുക. ശീവേലിക്ക് തിടമ്പ് കൈയിലേന്തി നടക്കുന്നതും ആനപ്പുറത്ത് എഴുന്നള്ളിക്കുന്നതും കേരളത്തിന്‍റെ പല ഭാഗങ്ങളിലും കാണാറുണ്ടെങ്കിലും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തിടമ്പ് തലയിലേറ്റി നൃത്തം ചെയ്യുന്നത് അപൂര്‍വമായ ചടങ്ങാണ്. ഇത് ഉത്തര കേരളത്തില്‍ മാത്രമേ കാണാനാവൂ.
തിടമ്പ് നൃത്തം എങ്ങനെയുണ്ടായി എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ചട്ടം എന്നറിയപ്പെടുന്ന തിടമ്പ് രൂപങ്ങള്‍ മുളയോ മരമോ ഭംഗിയായി ചെത്തി അലങ്കരിച്ച് ഉണ്ടാകുന്നതാണ്. തിടമ്പ് നൃത്തത്തില്‍ പ്രധാനം ചുവടുകളാണ്. ചെണ്ടയുടെ താളത്തിന് അനുസരിച്ചാണ് ചുവടുകള്‍ വയ്ക്കുക.
തകിലടി, അടന്ത, ചെമ്പട, പഞ്ചാരി തുടങ്ങിയ വിവിധ താളങ്ങള്‍ക്ക് അനുസരിച്ചാണ് തിടമ്പ് നര്‍ത്തകന്‍ ഓരോ തവണയും വട്ടം ചുറ്റുക. തിടമ്പ് നൃത്തത്തില്‍ കാലാനുസൃതമായ പല മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും താളവട്ടം പോലുള്ള അടിസ്ഥാനപരമായ കാര്യങ്ങളില്‍ ഒരു മാറ്റവും വന്നിട്ടില്ല.