മറ്റു നമ്പ്യാന്മാരെപ്പോലെ കുഞ്ചനും ആദ്യകാലത്ത് ചാക്യാര്‍കൂത്തിന് മിഴാവു കൊട്ടിവന്നിരുന്നു. ഒരു ദിവസം കൂത്തിനിടയ്ക്ക് ഉറങ്ങിപ്പോയ അദ്ദേഹം ചാക്യാരുടെ പരസ്യമായ പരിഹാസത്തിന് ശരവ്യനായി.
അതിനും പകരം വീട്ടാനായി പിറ്റേന്നും പകല്‍ എഴുതിത്തയ്യാറാക്കിയ കല്യാണസൗഗന്ധികം തുള്ളല്‍ അന്നു രാത്രിതന്നെ ക്ഷേത്രവളപ്പില്‍ അവതരിപ്പിക്കുകയും ജനങ്ങളെയെല്ലാം അങ്ങോട്ട് ആകര്‍ഷിക്കുകയും ചെയ്തുവെന്നും ഒരു ഐതിഹ്യമുണ്ട്.
ഈ കലയുടെ പ്രാഗ്രൂപം അതിനു മുന്‍പ് തന്നെ നിലവിലിരുന്നതായി കരുതാം. അതിനെ വ്യവസ്ഥാപനം ചെയ്തു പ്രേരിപ്പിച്ചത് നമ്പ്യാരാണ്.
അനേകം തുള്ളല്‍ കാവ്യങ്ങളെഴുതി ജനകീയ കവി എന്ന നിലയില്‍ നമ്പ്യാര്‍ വിഖ്യാതനായി. ഓട്ടന്‍, പറയന്‍, ശീതങ്കന്‍ എന്നീ മൂന്നുതരം തുള്ളലുകള്‍ക്കുള്ള കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയിലെ ഇതിവൃത്തങ്ങള്‍ ഇതിഹാസപുരാണങ്ങളില്‍നിന്ന് സ്വീകരിച്ചവയാണ്.
ഈ കഥകളുടെ ചട്ടക്കൂട്ടില്‍ അമ്പലപ്പുഴയിലെയും തിരുവനന്തപുരത്തെയും ജനജീവിത യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമകാലിക പ്രസക്തിയുള്ള കാവ്യങ്ങള്‍ എഴുതാനാണ് അദ്ദേഹം തയ്യാറായത്.
പുരാണ കഥാഖ്യാനങ്ങളിലൂടെ ഗൗരവപൂര്‍ണമായും ഫലിതമയമായും പരിഹാസരൂപത്തിലും തന്‍റെ കാലഘട്ടത്തിലെ എല്ലാ സാമൂഹ്യവിഭാഗങ്ങളേയും മനുഷ്യദൗര്‍ബല്യങ്ങളെയും പ്രശ്നങ്ങളെയും ചിത്രീകരിക്കാന്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
കേരളീയ ഭരണാധികാരികള്‍, നായന്മാര്‍, നമ്പൂതിരിമാര്‍, പരദേശ ബ്രാഹ്മണര്‍ തുടങ്ങിയവരെ അദ്ദേഹം നിശിതപരിഹാസത്തിനു വിഷയമാക്കി. ജനസാമാന്യത്തിന്‍റെ സംഭാഷണ ഭാഷ കവിതയില്‍ സ്വതന്ത്ര്യമായി പ്രയോഗിച്ചത് കൃതികള്‍ക്കുള്ള മറ്റൊരു സവിശേഷതയാണ്.
സന്താനഗോപാലം, ബാണയുദ്ധം, സ്യമന്തകം, ഘോഷയാത്ര, കിരാതം, നളചരിതം, സീതാസ്വയംവരം എന്നിങ്ങനെ 23ല്‍ പരം ഓട്ടന്‍ തുള്ളലുകളും, കല്യാണസൗഗന്ധികം ഗണപതിപ്രാതല്‍, സുന്ദോപസുന്ദോപാഖ്യാനം, ധ്രുവചരിതം,കാളിയമര്‍ദ്ദനം എന്നിങ്ങനെ 14-ഓളം ശീതങ്കന്‍ തുള്ളലുകളും ത്രിപുരദഹനം, പാഞ്ചാലിസ്വയംവരം, സഭാപ്രവേശം, കീചകവധം എന്നിങ്ങനെ പത്തോളം പറയന്‍ തുള്ളലുകളും കുഞ്ചന്‍ നമ്പ്യാര്‍ സംഭാവന ചെയ്തിട്ടുണ്ട്.
മറ്റനേകം തുള്ളകഥകളുടെ കര്‍തൃത്വം അദ്ദേഹത്തില്‍ ആരോപിക്കപ്പെടുന്നുവെങ്കിലും എല്ലാം അദ്ദേഹത്തിന്‍റെ കൃതികളല്ല.
ബാണയുദ്ധം ആട്ടക്കഥ, ശീലാവതി നാലുവൃത്തം, രാസക്രീഡ കിളിപ്പാട്ട്, ശ്രീകൃഷ്ണചരിതം മണിപ്രവാളം തുടങ്ങിയ തുള്ളലുകള്‍ അല്ലാത്ത ചില കൃതികളും അദ്ദേഹത്തിന്‍റെ രചനകളായി കണക്കാക്കപ്പെടുന്നു.