സുധീരന്‍റെ കളി കെപിസിസി അധ്യക്ഷനാകാന്‍

ബഷീര്‍ അത്തോളി

WEBDUNIA|
PRO
വി എം സുധീരന് എന്തുപറ്റി? പി സി ജോര്‍ജിനെപ്പോലെ, എം വി ജയരാജനെപ്പോലെ, ജി സുധാകരനെപ്പോലെ പരസ്യവിമര്‍ശനങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവായിരുന്നില്ല സുധീരന്‍. എന്നാല്‍ കുറച്ചുനാളായി സുധീരന്‍ പൊട്ടിത്തെറിക്കുകയാണ്. പൊട്ടിത്തെറിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും യു ഡി എഫ് സര്‍ക്കാരിനും എതിരെയാണെന്നുമാത്രം.

മദ്യനയത്തെ എതിര്‍ത്തും തച്ചങ്കരിക്ക് നിയമനം നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ചും സുധീരന്‍ രംഗത്തെത്തിയതായിരുന്നു കഴിഞ്ഞ വാരം ഉണ്ടായ പ്രധാനം സംഭവങ്ങളിലൊന്ന്. സുധീരന്‍റെ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. നേതാക്കള്‍ പരസ്യവിമര്‍ശനം നടത്തരുതെന്നും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പാര്‍ട്ടി വേദികളില്‍ പറയണമെന്നുമുള്ള കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ വാക്കിനെയാണ് സുധീരന്‍ പുഷ്പം പോലെ ധിക്കരിച്ചത്.

എന്നാല്‍ സുധീരന്‍റെ ഈ നടപടിയെ കാര്യമായി വിമര്‍ശിച്ചുമില്ല. ഇവിടെയാണ് കളി മനസിലാക്കാന്‍ പറ്റുന്നത്. സുധീരന്‍ നടത്തിയ വിവാദ പരമര്‍ശങ്ങളൊക്കെ ചെന്നിത്തലയുടെ അനുഗ്രഹത്തോടെയാണത്രെ. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് ലഭിക്കുന്ന ജനപ്രീതിയെ അപ്രസക്തമാക്കാനായിരുന്നു ഈ നീക്കം.

ജനസമ്പര്‍ക്ക പരിപാടി വന്‍ വിജയമാകുന്നതിന്‍റെ ക്രെഡിറ്റ് പോകുന്നത് പൂര്‍ണമായും ഉമ്മന്‍‌ചാണ്ടിക്കാണ്. ഇതിന്‍റെ പകിട്ട് കുറയ്ക്കാനായിരുന്നു സുധീരന്‍ സര്‍ക്കാരിന്‍റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ചത്. ജനസമ്പര്‍ക്ക പരിപാടിയേക്കാള്‍ ജനശ്രദ്ധ സുധീരന്‍റെ വാക്കുകള്‍ക്ക് ലഭിച്ചതോടെ നീക്കം വിജയം കാണുകയും ചെയ്തു.

രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതായാണ് വിവരം. കേന്ദ്രമന്ത്രി സ്ഥാനമോ എ ഐ സി സി ജനറല്‍ സെക്രട്ടറി പദവിയോ ആണ് ചെന്നിത്തല ആഗ്രഹിക്കുന്നത്. സുധീരനും ചെന്നിത്തലയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഈ കളിയൊക്കെ നടത്തുന്നത് അതിനുവേണ്ടിയാണ്. ചെന്നിത്തല മാറിയാല്‍ ചെന്നിത്തല പക്ഷത്തുനിന്നൊരാള്‍ കെ പി സി സി അധ്യക്ഷനാകും. ഇത്തവണ ഈഴവസമുദായത്തില്‍ നിന്നുള്ള ആള്‍ക്കായിരിക്കും അധ്യക്ഷപദവി ലഭിക്കുക. അതുകൊണ്ടുതന്നെ സുധീരന് സാധ്യത ഏറെയാണ്.

നിലവില്‍ ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാത്ത സുധീരന്‍ ഐ വിഭാഗത്തിലേക്ക് ചായുന്നതും അതുകൊണ്ടുതന്നെ. ഈ കളി മനസിലാക്കിയാണ് സുധീരന്‍റെ നടപടികളെ വിമര്‍ശിക്കാന്‍ എം എം ഹസന്‍ ഉത്സാഹം കാട്ടിയത്. ഹസന്‍ പറഞ്ഞതെല്ലാം ഉമ്മന്‍‌ചാണ്ടിക്കുവേണ്ടിയാണെന്ന് ആര്‍ക്കാണ് മനസിലാകാത്തത്?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :