അധികമായാല്‍ അമൃതും വിഷം എന്നാണല്ലോ ചൊല്ല്. സാമര്‍ത്ഥ്യത്തിന്‍റെ കാര്യത്തിലും ഇത് ശരിയാണ്. അതിസാമര്‍ത്ഥ്യം ആപത്തിലേക്ക് കൊണ്ടുചെന്നെത്തിക്കും.
അതി സര്‍വത്ര വര്‍ജ്യതേ എന്ന് സംസ്കൃതത്തില്‍ ഒരു ചൊല്ലുണ്ട്. ഒന്നും അധികമാകരുതെന്നാണ് ഇതിനര്‍ത്ഥം. സദ് ഗുണങ്ങള്‍ പോലും അതിരുകവിഞ്ഞാല്‍ ദോഷ ഫലങ്ങള്‍ ഉണ്ടാക്കും എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ പുരാണങ്ങളില്‍ പോലുമുണ്ട്.
ദാനശീലം അതിരുകവിഞ്ഞതു കൊണ്ടാണ് മഹാബലിക്ക് അബദ്ധം പിണഞ്ഞത്. കര്‍ണ്ണന്‍ അജയ്യനായ പോരാളിയായിരുന്നിട്ടും വധിക്കപ്പെടാന്‍ കാരണവും കവച കുണ്ഡലങ്ങള്‍ ദാനം ചെയ്തതുകൊണ്ടായിരുന്നു.
തന്‍റെ അതിസാമര്‍ത്ഥ്യം തിരിച്ചറിയാന്‍ വേണ്ടത്ര അതിസാമര്‍ത്ഥ്യവും അത് അഭിനന്ദിക്കാന്‍ വേണ്ട മൌഢ്യവും ഉള്ള ഭാര്യയെയാണ് പുരുഷന് ഇഷ്ടമെന്ന് ഇംഗ്ലീഷ് ഹാസ്യസാഹിത്യകാരനായ ഇസ്രയേല്‍ സാങ് വില്‍ പറയുന്നു.
ഈജിപ്ഷ്യന്‍ നോവലിസ്റ്റ് നെജീബ് മഹ്‌ഫോസിന്‍റെ അഭിപ്രായത്തില്‍ ഒരാള്‍ക്ക് അതിബുദ്ധി ഉണ്ടോ എന്നറിയാന്‍ അയാളുടെ ഉത്തരങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. വിവേകമുണ്ടോ എന്നറിയാന്‍ ചോദ്യങ്ങളും.
അതിബുദ്ധി വിവേകമല്ലെന്നാണ് യവന നാടകകൃത്തായ യൂറി പിടിസ് പറയുന്നത്. ആളുകളുടെ അതിബുദ്ധി തിരിച്ചറിയുന്ന മറ്റാളുകള്‍ അവരോട് പെരുമാറുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. അതിബുദ്ധി നല്ലതാണെങ്കിലും അതൊരിക്കലും പ്രദര്‍ശിപ്പിക്കരുതെന്നാണ് ഫ്രഞ്ച് പഴമൊഴി പറയുന്നത്.
പ്രമുഖ ഐറിഷ് എഴുത്തുകാരനായ ഓസ്കാര്‍ വൈല്‍ഡ് പറയുന്നു, ‘’എനിക്ക് അതിസാമര്‍ത്ഥ്യം കൂടുതലുണ്ട്, അതുകൊണ്ട് ഞാന്‍ പറയുന്ന ഒരു വാക്കുപോലും ചിലപ്പോള്‍ എനിക്ക് മനസ്സിലാകാറില്ല’‘.